പൊതുവേദിയിലെ പാമ്പ് പ്രദര്‍ശനം: വാവാ സുരേഷിനെതിരേ കേസ്

Update: 2022-11-30 07:38 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ പ്രഭാഷണ വേദിയില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച വാവാ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസാണ് സുരേഷിനെതിരേ കേസ് ചാര്‍ജ് ചെയ്തത്. ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വകുപ്പ് ശാസ്ത്രീയ പാമ്പ് പിടിത്ത മാര്‍ഗനിര്‍ദേശ സെമിനാറിലെ 'സ്‌നേക്ക് ബൈറ്റ്' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വിഷപ്പാമ്പുകളെ സുരക്ഷിതമല്ലാത്ത രീതിയില്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ച സുരേഷ്, മൈക്കിന് പകരം പാമ്പിനെ ചുണ്ടില്‍ ചേര്‍ത്തുവച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാമ്പ് പിടിത്തം നടത്തുന്നതുമടക്കുമുള്ള നിരവധി ആരോപണങ്ങള്‍ നേരിടുന്ന വേളയിലാണ് സുരേഷിനെതിരായ പുതിയ കേസ്. പരിപാടിയില്‍ മൈക്ക് ഓഫായതിനെത്തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ മുന്നില്‍ നിര്‍ത്തി സംസാരിക്കുന്ന വാവാ സുരേഷിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇതിനെതിരേ വ്യാപകവിമര്‍ശനങ്ങളാണുയര്‍ന്നത്. തീര്‍ത്തും സുരക്ഷിതമല്ലാതെ, ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം ഉള്‍പ്പെടെ പരിപാടിയില്‍ നടക്കുകയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐഎംസിഎച്ച് നിള ഹാളില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജ്യുക്കേഷന്‍ യൂനിറ്റും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Tags:    

Similar News