കാര്‍ കിട്ടാത്തതിനാല്‍ ബിജെപി യോഗത്തില്‍ നേരത്തിന് എത്തിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍; ''രാജീവ് ചന്ദ്രശേഖരന്‍ പാര്‍ട്ടിയെ മുന്നോട്ടു നയിക്കും''

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടുനിന്നിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിയിച്ച ആളാണ്. അദ്ദേഹം സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എത്താന്‍ വൈകിയത് കാര്‍ കിട്ടാത്തതു കൊണ്ടായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കാര്‍ വന്നപ്പോള്‍ ഉടനെ കയറിവരികയും ചെയ്തു. രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമര്‍പ്പണ വേളയില്‍ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയായതോടെയാണ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരണം നടത്തിയത്.
തന്നെ ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നും ശോഭ പറഞ്ഞു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടം നടത്തുകയായിരുന്നു ഞാന്‍. മാധ്യമങ്ങള്‍ അതിനെ കുറിച്ച് വാര്‍ത്ത നല്‍കിയില്ലെന്നും ശോഭ പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയിലെ പ്രധാന നേതാക്കളെയെല്ലാം പിന്തളളിയാണ് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. കെ സുരേന്ദ്രനെയും വി മുരളീധരനെയും വെട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തുന്നത്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറും ആര്‍എസ്എസ് നേതാവ് എ ജയകുമാറും പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍.