ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഖബറടക്കി

Update: 2020-12-18 02:20 GMT

ദമ്മാം: ദമ്മാമില്‍ മുവാസാത് ഹോസ്പിറ്റലില്‍ മരണപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജമീല ചെറുതൊടി (51) യുടെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രവര്‍ത്തകര്‍ അല്‍ കോബാറിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കുടുംബ സമേതം ദമ്മാമില്‍ താമസിച്ചിരുന്ന ജമീല ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസമായി ദമ്മാം മുവാസാത് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി റിയാദിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ബത്ഹ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കുഞ്ഞ് മുഹമ്മദുമായി (ബാപ്പുട്ടി ) ബന്ധപ്പെടുകയും അദ്ദേഹം സോഷ്യല്‍ ഫോറത്തിന്റെ റിയാദ് വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ അസീസ് പയ്യന്നൂര്‍ മുഖേന ടൊയോട്ട ബ്ലോക്ക് ഭാരവാഹികളെ ബന്ധപ്പെട്ട് വിഷയം അറിയിക്കുകയുമായിരുന്നു.

സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി വെല്‍ഫയര്‍ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂരിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളെല്ലാം ഹോസ്പിറ്റലില്‍ ഹാജരാക്കുകയും ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കുകയും ചെയ്തു.

മയ്യത്ത് നമസ്‌കാരത്തിനും ഖബറടക്കത്തിനും സോഷ്യല്‍ഫോറം ടൊയോട്ട ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ ഖാലിദ് തിരുവനന്തപുരം, നിഷാദ് നിലമ്പൂര്‍, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, ഷംസു പൂക്കോട്ടുമ്പാടം എന്നിവരും എംബസിയുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ക്ക് മുഹീനുദ്ദീന്‍ മലപ്പുറം മുനീബ് പാഴൂര്‍ എന്നിവരും നേതൃത്വം നല്‍കി.

അബ്ദുല്‍ നാസര്‍ (56) ആണ് ജമീലയുടെ ഭര്‍ത്താവ്. ലുബിന ഫാത്തിമ(29) അബ്ദുല്‍ നഹാസ്(32) ഖാലിദ് (15) എന്നിവര്‍ മക്കളാണ്.

Tags:    

Similar News