സോഷ്യല്‍ ഫോറം ഇടപെടല്‍: യു പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
ഹഫര്‍ അല്‍ ബാത്തിന്‍: (സൗദി അറേബ്യ) രണ്ടു മാസം മുമ്പ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ച് ഖബറടക്കി. വസീം അഹ് മദ് ബാദല്‍ (24)എന്ന യുവാവിന്റെ മൃതദേഹമാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിക്കാനായത്.
പതിനാലു മാസം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ വസീമിനെ സ്‌പോണ്‍സര്‍ തന്റെ കൃഷിയിടത്തിലാണ് ജോലി നല്‍കിയത്. പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നതും ലഭിച്ച ജോലിയിലുള്ള അമിതഭാരവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് കുടുംബം പറയുന്നത്. ആദ്യ ഘട്ടത്തില്‍ സ്‌പോണ്‍സര്‍ സഹകരിക്കാതിരുന്നതും ഫോറെന്‍സിക് റിപോര്‍ട്ട് ലഭിക്കുന്നതില്‍ വന്ന കാലതാമസവുമാണ് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതില്‍ താമസം നേരിട്ടത്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ നൗഷാദ് കൊല്ലം എംബസിയുടെ സഹായത്തോടെ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് വസീമിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനായത്.
സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ രേഖകള്‍ ശരിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
അവിവാഹിതനായ വാസീമിന് ഇളയ രണ്ടു സഹോദരന്‍മാരും രണ്ടു സഹോദരിമാരും ഉണ്ട്. പിതാവ്: ബാദല്‍ അഹ് മദ്, മാതാവ് ശഹനാജ് ബാനു.