രാഷ്ട്രീയ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; പുതുവര്‍ഷപ്പുലരിയില്‍ ഫ്രീഡം വാള്‍ സംഘടിപ്പിച്ച് എസ്ഡിപിഐ
കണ്ണൂര്‍: വിചാരണ കൂടാതെ അനന്തമായി ജയിലില്‍ അടയ്ക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്രീഡം വാള്‍ സംഘടിപ്പിച്ചു. 'ഒരുമിക്കാം, ഒത്തുചേരാം'എന്ന പ്രമേയത്തില്‍ കണ്ണൂര്‍ കാല്‍ടെക്‌സ് പരിസരത്ത് നടന്ന ഒത്തുചേരല്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ സെക്രട്ടറി പി സി ഷഫീഖ്, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷമീന ഫിറോസ്, ജില്ലാ കമ്മിറ്റി അംഗം സജീര്‍ കീച്ചേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബി ശംസുദ്ധീന്‍ മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജാമ്യമാണ് നിയമം എന്ന തത്വം നില നില്‍ക്കെ നീതി നിഷേധിക്കപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി പുതുവര്‍ഷ പുലരിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഫ്രീഡം വാളില്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവരുടെ ചിത്രങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടിയാണ് പങ്കെടുത്തത്.