സോണിയാ ഗാന്ധിയുടെ പേഴ്‌സനല്‍ സെക്രട്ടറിക്കെതിരേ ബലാല്‍സംഗക്കേസ്

Update: 2022-06-27 18:10 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സനല്‍ സെക്രട്ടറി പി പി മാധവനെ (71) തിരേ ബലാല്‍സക്കേസ് രജിസ്റ്റര്‍ ചെയ്തു. 26കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലിസാണ് കേസെടുത്തത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

യുവതിയെ ബലാല്‍സംഗം ചെയ്യുകയും വിവരം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലിസ് പറഞ്ഞു. ഉത്തം നഗര്‍ പോലിസ് സ്‌റ്റേഷനില്‍ ജൂണ്‍ 25നാണ് യുവതി പരാതി നല്‍കിയത്. ഐപിസി സെക്ഷനുകള്‍ 376, 506 പ്രകാരം ബലാല്‍സംഗത്തിനും ക്രിമിനല്‍ ഭീഷണിക്കും കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മാധവന്റെ പേര് ഡിസിപി വെളിപ്പെടുത്തിയില്ല.

മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ പേഴ്‌സനല്‍ സെക്രട്ടറിയാണെന്നും 71 കാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, മാധവനെതിരേയാണ് പരാതി നല്‍കിയതെന്ന് ഡല്‍ഹിയിലെ പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ താമസിച്ചുവരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിലാണ് ജോലിചെയ്തിരുന്നത്. 2020 ല്‍ അദ്ദേഹം മരിച്ചുവെന്നും പോലിസ് പറയുന്നു.

Tags:    

Similar News