ശബരിമല സ്ത്രീ പ്രവേശം: കരിദിനവുമായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ തള്ളി സോണിയാ ഗാന്ധി

ലിംഗ സമത്വത്തിനും വനിതകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും സോണിയ എംപിമാരോട് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

Update: 2019-01-04 09:33 GMT
ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്നാരോപിച്ച് കേരളത്തിലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനത്തില്‍ അതൃപ്തിയുമായി സോണിയ ഗാന്ധി. ലിംഗ സമത്വത്തിനും വനിതകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും സോണിയ എംപിമാരോട് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതെ പിറകില്‍ നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് ആദ്യം. കൊടി പിടിച്ച സമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി തന്നെ കേരള നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രിം കോടതി വിധിയെ ചരിത്ര വിധിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നു.യുവതീ പ്രവേശനത്തിന് താന്‍ അനുകൂലമാണ് എന്ന് രാഹുല്‍ ഗാന്ധി തന്നെ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം ശബരിമല വൈകാരിക വിഷയമാണെന്നും പ്രാദേശിക നേതൃത്വത്തിന്റെ വികാരം മാനിക്കുന്നുവെന്നും രാഹുല്‍ നിലപാടെടുത്തു. ശേഷം കോണ്‍ഗ്രസ് പ്രത്യക്ഷമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങി. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ ബിജെപിയോട് മത്സരിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിച്ചപ്പോള്‍ കോണ്‍ഗ്രസ് കരിദിനം പ്രഖ്യാപിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനത്തിന് പിന്തുണയുമായി കറുത്ത ബാന്‍ഡ് ധരിച്ചാണ് സംസ്ഥാനത്ത് നിന്നുള്ള എം പിമാര്‍ കഴിഞ്ഞദിവസം ലോക് സഭയില്‍ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എംപിമാര്‍ ഇത്തരത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തിയത്. സഭയിലെത്തിയ എംപി മറ്റുള്ളവര്‍ക്ക് ബാഡ്ജ് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സോണിയ ഗാന്ധി ഇതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. കാരണം കേട്ട സോണിയാ ഗാന്ധി ഇനി നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.




Tags:    

Similar News