കൊവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങള്‍

Update: 2020-11-12 15:00 GMT
മലപ്പുറം: കൊവിഡ് നേരത്തേ കണ്ടെത്താനും ഗുരുതരമായ സാഹചര്യം ഒഴിവാക്കാനും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ ജനങ്ങള്‍ക്ക് കൊവിഡ് രോഗ പരിശോധന നടത്താം. ഇതിനായി ഓരോ വിഭാഗത്തിലുള്ളവര്‍ക്കും പരിശോധന നടത്തുന്നതിന് പ്രത്യേക ദിവസം അനുവദിച്ചിട്ടുണ്ട്. അവര്‍ നിര്‍ദേശിക്കപ്പെട്ട ദിവസം തൊട്ടടുത്തുള്ള കൊവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി പരിശോധന നടത്തണം. ഏതെങ്കിലും കാരണവശാല്‍ അനുവദിക്കപ്പെട്ട ദിവസം പരിശോധന നടത്താന്‍ പറ്റാത്തവര്‍ക്ക് തൊട്ടടുത്ത ദിവസം പരിശോധന നടത്താമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

    പ്രായം കൂടിയവരിലും 10 വയസ്സിന് താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും ഇതരരോഗങ്ങളുള്ളവരിലും കൊവിഡ് രോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇവരിലേക്ക് രോഗം ബാധിക്കുന്നത് തടയുന്നതിനാണ് കൊവിഡ് രോഗ പരിശോധന ശക്തമാക്കുന്നത്.

ഓരോ വിഭാഗത്തിലുള്ളവര്‍ക്കും അനുവദിച്ച ദിവസങ്ങള്‍

വെള്ളി: ജില്ലയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരും(അലോപ്പതി, ഹോമിയോ, ആയുഷ്, ദന്തക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍)

ശനി: ജില്ലയിലെ ഡ്രൈവര്‍മാര്‍ (ഓട്ടോ, ടാക്സി, ബസ്, കെഎസ് ആര്‍ടിസി തുടങ്ങിയവ)

ഞായര്‍: വ്യാപാരി വ്യവസായികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, രോഗം വന്നാല്‍ ഗുരുതരമായേക്കാവുന്ന വിഭാഗങ്ങളായ പ്രായമേറിയവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍)

തിങ്കള്‍: ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍

ചൊവ്വ: തൊഴിലുറപ്പു പ്രവര്‍ത്തകര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍

ബുധന്‍: പോലിസ്, എക്സൈസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലുള്ളവര്‍

വ്യാഴം: മറ്റുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും

    അതിനിടെ, കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ നേരത്തേ കണ്ടുപിടിക്കുന്നതിനും ഫലപ്രദമായി ചികില്‍സിക്കാനും ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. കൊവിഡ് രോഗം ബാധിച്ചവരില്‍ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് നേരത്തേ കണ്ടെത്തി ഫലപ്രദമായി ചികില്‍സ നല്‍കുന്നതിന് എല്ലാ വ്യാഴാഴ്ചകളിലും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ ക്ലിനിക്കുകള്‍ ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Special days on covid test

Tags:    

Similar News