കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ്; പ്ലസ് വണ്‍ പരീക്ഷകള്‍ ഓണാവധിയോട് ചേര്‍ന്ന് നടത്തുമെന്നും മുഖ്യമന്ത്രി

Update: 2021-05-27 13:09 GMT
കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ്; പ്ലസ് വണ്‍ പരീക്ഷകള്‍ ഓണാവധിയോട് ചേര്‍ന്ന് നടത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ ഈ ഓണാവധിയോട് ചേര്‍ന്ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷകള്‍ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഓക്‌സീമീറ്ററുകള്‍ നിര്‍മിക്കും.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കും. ഓണ്‍ലൈന്‍ അഡൈ്വസിന്റെ വേഗത വര്‍ധിപ്പിക്കണമെന്ന് പിഎസ് സിയോട് ആവശ്യപ്പെട്ടു.

മെയ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മെയ് 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 12.61 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനവും കുറവുണ്ടായിരിക്കുന്നു.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. 52 പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടെ രോഗം വന്നിട്ടുള്ളത്. 

നിര്‍മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ക്രഷറുകള്‍ കൊവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍്ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags: