ശ്രീനാരായണ ഗുരു സര്‍വകലാശാല: വിവാദങ്ങള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് പിഡിപി
കൊല്ലം: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ പേരില്‍ അര്‍ഹത ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമനം ലഭിച്ചയാളുടെ മതം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പുതിയ വിവാദങ്ങള്‍ കേരളത്തിന്റെ മതേതര-സാംസ്‌കാരിക-പുരോഗമന മൂല്യങ്ങള്‍ക്കും ചിന്തകള്‍ക്കും മാനക്കേടാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുവിന്റെ മാനുഷിക സങ്കല്‍പത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നവരും വര്‍ഗീയ ശക്തികള്‍ക്ക് വെള്ളവും വളവും പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നതില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട സാമുദായിക രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും വിട്ടുനില്‍ക്കണം.
സര്‍വകലാശാലയില്‍ നടന്നത് ജിഹാദി നിയമനമാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥ മേഖലകളില്‍ ഉയര്‍ന്നുവരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളെ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി അര്‍ഹത അട്ടിമറിക്കാനുള്ള സംഘപരിവാര്‍ പദ്ധതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനും സംഘപരിവാര്‍ വര്‍ഗീയശക്തികള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് വിവാദങ്ങളെന്നും കേരളത്തിന്റെ മതേതര മനസ്സിനെ ഭിന്നിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ പറഞ്ഞു.
Sreenarayana Guru University: PDP says controversy aims at communal polarization