ശ്രീലങ്ക: പ്രതിഷേധക്കാര്‍ പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്തു: രാഷ്ട്രപതിയുടെ വസതിയിലേക്ക് പ്രവേശിച്ചു
കൊളംബൊ: ശ്രീലങ്കയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിയിലേക്ക് പ്രവേശിച്ചു.
പ്രതിഷേധക്കാര്‍ പലരും ഹെല്‍മറ്റ് ധരിച്ചാണ് എത്തിയിട്ടുള്ളത്. ശ്രീലങ്കന്‍ പതാക വീശിയ നൂറു കണക്കിന് പേര്‍ രാഷ്ട്രപതിയുടെ വസതിയിലേക്ക് അതിക്രമിച്ച് കടന്നതായി പ്രാദേശിക ടിവി ന്യൂസ് ചാനല്‍ ന്യൂസ് ഫസ്റ്റ് റിപോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെയും ആക്റ്റിവിസ്റ്റുകളുടെയും സമ്മര്‍ദ്ദത്തില്‍ തലസ്ഥാന നഗരിയിലെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
രാഷ്ട്രപതിയെ ഇന്നലെ രാത്രി സൈനിക ആസ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊളംബോ തുറമുഖത്ത് നിന്ന് ശ്രീലങ്കന്‍ നാവികസേനയുടെ എസ്എല്‍എന്‍എസ് സിന്ദുരലയും എസ്എല്‍എന്‍എസ് ഗജബാഹുവും പുറപ്പെട്ടതായി ഹാര്‍ബര്‍ മാസ്റ്റര്‍ സ്ഥിരീകരിച്ചു.