ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, ഏപ്രിലില്‍ തിരഞ്ഞെടുപ്പ്

ശ്രീലങ്കന്‍ ഭരണഘടന പ്രകാരം പാര്‍ലമെന്റിന്റെ കാലാവധി അഞ്ചു വര്‍ഷമാണെങ്കിലും നാലര വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം.

Update: 2020-03-03 05:30 GMT

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരണഘടനാ അധികാരം ഉപയോഗിച്ചാണ് പ്രസിഡന്റിന്റെ നടപടി. രാജ്യത്ത് ആറു മാസം മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റിന്റെ ഓഫിസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 25 ന് തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന.

ശ്രീലങ്കന്‍ ഭരണഘടന പ്രകാരം പാര്‍ലമെന്റിന്റെ കാലാവധി അഞ്ചു വര്‍ഷമാണെങ്കിലും നാലര വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം.

നവംബറിലാണ് ഗോട്ടബയ രാജപക്‌സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ അധികാരം പരിമിതപ്പെടുത്തുന്നതുകൊണ്ട് തനിക്ക് വേണ്ട വിധം പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. 225 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.

പുതിയ പാര്‍ലമെന്റ് മെയ് 14 ന് ചേരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന ഈസ്റ്റര്‍ ദിന കൂട്ടക്കൊലയുടെ വാര്‍ഷികാചരണ കാലത്താണ് തിരഞ്ഞെടുപ്പ് പ്രചരണവും നടക്കുക. മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സുരക്ഷയിലും രഹസ്യാന്വേഷണത്തിലും ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് രാജപക്‌സെ അധികാരത്തിലെത്തിയത്.

രാജപക്‌സെയുടെ മുന്‍ഗാമിയായ മൈത്രിപാല സിരിസേന കൊണ്ടുവന്ന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുകയും അത് പാര്‍ലമെന്റിനും സ്വതന്ത്ര കമ്മീഷനുകള്‍ക്കും നല്‍കുകയും ചെയ്തിരുന്നു. ഈ മാറ്റം ഫലത്തില്‍ രണ്ട് രാഷ്ട്രീയ അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിച്ചു, ഒരു ഭാഗത്ത് പ്രസിഡന്റും മറു ഭാഗത്ത് പ്രധാനമന്ത്രിയും. ഗോട്ടബയ രാജപക്‌സെയുടെ സഹോദരനായ മഹീന്ദ രാജപക്‌സെയാണ് പ്രധാനമന്ത്രി. ന്യൂനപക്ഷ സര്‍ക്കാരുമായി അധികാരത്തിലിരിക്കുന്ന രാജപക്‌സെയ്ക്ക് ഭരണഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടിയെന്ന് കരുതുന്നു. 

Tags:    

Similar News