പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ആഹ്വാനം;ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി നിലകൊള്ളും :നാഷണല്‍ വിമന്‍സ് ഫ്രണ്ട്

രാജ്യത്തെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാ സ്ത്രീകളും മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ ഭരണകൂട ഭീകരതയ്‌ക്കെതിരെ മുന്നോട്ട് വരണം

Update: 2022-02-17 09:25 GMT

കോഴിക്കോട്:ഹിജാബ് വിഷയത്തില്‍ പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവന അപലപനീയവും കേന്ദ്രമന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ആഹ്വാനമാണ് പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവനയെന്നും,പ്രഹ്ലാദ് ജോഷി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയുടെ സമയത്ത് സംഘപരിവാര്‍ ഗുണ്ടകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ അക്രമങ്ങളും കലാപങ്ങളും ഇപ്പോഴും എല്ലാവരും ഓര്‍ത്തിരിക്കുന്നുണ്ട്.ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മുത്തലാഖ് ബില്ലിന്റെ കാര്യത്തിലെന്നപോലെ വിദ്വേഷപ്രചാരകരുടെ ഉപദേശമോ, അവരുടെ മുതലക്കണ്ണീരോ ആവശ്യമില്ലെന്ന് പ്രഹ്ലാദ് ജോഷി അറിയേണ്ടതുണ്ട്. സ്വന്തം ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കുവാനും,ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിക്കാനും മുസ്‌ലിം സ്ത്രീകള്‍ക്കറിയാമെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് വ്യക്തമാക്കി.

രാജ്യത്തെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാ സ്ത്രീകളും മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ ഭരണകൂട ഭീകരതയ്‌ക്കെതിരെ മുന്നോട്ട് വരണമെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തെരുവിലിറങ്ങുമെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News