സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി 10 മുതല്‍ രാവിലെ 6വരെയാണ് കര്‍ഫ്യൂ

രാജ്യത്ത് ഏറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്.

Update: 2021-08-28 13:13 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ രാവിലെ 6വരെയാണ് കര്‍ഫ്യൂ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ കര്‍ഫ്യൂ ഇപ്പോള്‍ തന്നെയുണ്ട്. പ്രതിവാര രോഗവ്യാപനം ഏഴിന് മുകളിലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. പോലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. രോഗ വ്യാപനം തടയാന്‍ ബുധനാഴ്ച യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു സമൂഹത്തില്‍ എത്രശതമാനം പേരില്‍ രോഗം വന്നു പോയി എന്നറിയാന്‍ സെറം സര്‍വേ നടത്താറുണ്ട്. ഏറ്റവും അവസാനം ഐസിഎംആര്‍ പുറത്തുവിട്ട സെറം സര്‍വേ പ്രകാരം കേരളത്തിലെ 44.4 പേര്‍ക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതല്‍ പേരില്‍ വൈറസ് എത്തുന്നത് തടയാന്‍ നമ്മുക്കായി. എന്നാല്‍ ഇതുവരെ രോഗം ബാധിക്കാത്തവര്‍ കേരളത്തില്‍ അന്‍പത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തില്‍ 66.7 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താല്‍ ഇനി 33 ശതമാനം പേര്‍ക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്ക് രോഗം വന്നു പോയെന്നാണ് സെറം സര്‍വേ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണ്. ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയത് മൂലം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ഓണത്തോടെ കൂടി. വാക്‌സീനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സീന്‍ നല്‍കുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിര്‍ത്താനായി എന്നാല്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്‌സീന്‍ ആദ്യം തന്നെ നല്‍കിയത് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂര്‍വ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളില്‍ മുന്നോട്ട് പോയെ മതിയാവൂ.

ദേശീയനിരക്കുമായി താരത്മ്യം ചെയ്താല്‍ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാല്‍ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തില്‍ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News