തൃശൂർ: അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള തൃശൂർ, വിമല കോളജിൽ നാളെ നടക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), ടാലി എജ്യുക്കേഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്കിൽ കമ്മിറ്റി, സംസ്ഥാന യുവജന കമ്മീഷൻ എന്നിവ സംയുക്തമായാണ് മേള ഒരുക്കുന്നത്.
40 ലേറെ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2000ത്തിലധികം ഒഴിവുകളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. 1500 പേരോളം രജിസ്റ്റർ ചെയ്തു. രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷന് ഉച്ചയ്ക്ക് 3 മണി വരെ അവസരമുണ്ടാകും. ടാലി സർട്ടിഫിക്കറ്റ് കോഴ്സുള്ളവർ, അക്കൗണ്ടിംഗ് മേഖലയിൽ പ്രാവിണ്യമുള്ളവർ, അക്കൗണ്ടിംഗ് വിഷയമായി പഠിച്ചവർ എന്നിവർക്ക് മുൻഗണനയുണ്ട്.
തൊഴിൽമേളയുടെ ഉദ്ഘാടനം വിമല കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ എം കെ വർഗീസ്, എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ്, എം എൽ എ മാരായ എസി മൊയ്തീൻ, എൻ കെ അക്ബർ, മുരളി പെരിനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സി സി മുകുന്ദൻ, ഇടി ടൈസൺ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, വി ആർ സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കും. ടാലി പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിലുണ്ടാകും.