വഖ്ഫ് സംരക്ഷണത്തിന് മുന്നിട്ടിറങ്ങുക: ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

Update: 2024-12-29 11:24 GMT

ഓച്ചിറ: വഖ്ഫ് ഇസ്ലാമിലെ സമുന്നതമായ ഒരു ആരാധനയാണെന്നും വഖ്ഫ് സ്വത്തുക്കള്‍ മുന്‍ഗാമികള്‍ നമ്മെ ഏല്‍പ്പിച്ച അമൂല്യമായ സൂക്ഷിപ്പ് സ്വത്താണെന്നും അതിനെ സംരക്ഷിക്കലും ശരിയായ നിലയില്‍ ഉപയോഗിക്കലും സമുദായത്തിന്റെ പ്രധാന ബാധ്യതയാണെന്നും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തഫ്ഹീമെ ശരീഅത്ത് സമ്മേളനം ആഹ്വാനം ചെയ്തു. ഓച്ചിറ ദാറുല്‍ ഉലൂമിലെ മൗലാനാ മുഹമ്മദ് ഈസാ മമ്പഈ നഗറില്‍ കൂടിയ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ തഫ്ഹീമെ ശരീഅത്ത് വര്‍ക്ക്‌ഷോപ്പില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ മൗലാനാ ഉമര്‍ ആബിദീന്‍ ഖാസിമിയും ഓര്‍ഗനൈസര്‍ മൗലാനാ അസ്അദ് നദ്വിയും വിഷയങ്ങള്‍ അവതരിപ്പിച്ചു.

ദക്ഷിണ കേരള ജംഇയത്ത് ഉലമ ജന: സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മെമ്പര്‍മാരായ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി, സൈദ് മുഹമ്മദ് ബാഖവി, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി മുതലായവര്‍ പങ്കെടുത്തു. വഖ്ഫിന്റെ വിഷയത്തില്‍ സൂക്ഷ്മതക്കുറവ് സംഭവിക്കുന്നതിനാല്‍ വലിയ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. ഇതിനെ തിരുത്താന്‍ എല്ലാവരും വിശിഷ്യാ വഖ്ഫിന്റെ മേല്‍നോട്ടം വഹിക്കുന്നവരും സേവകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതിന്റെ പേര് പറഞ്ഞ് വഖ്ഫ് നിയമങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും വഖ്ഫിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് പോലും വിരുദ്ധമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതും തീര്‍ത്തും തെറ്റാണ്.

വഖ്ഫിന്റെ ചരിത്രം തുറന്ന പുസ്തകമാണ്. അതിലൂടെ ആരാധനാലയങ്ങള്‍ മാത്രമല്ല, ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. പ്രത്യേകിച്ചും വിദ്യാഭ്യാസ, ചികിത്സാ മേഖലകളില്‍ വഖ്ഫ് സ്വത്ത് നടത്തിയ സേവനങ്ങള്‍ അതുല്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും വഖ്ഫിന്റെ മാനവിക മൂല്യങ്ങളെക്കുറിച്ച് ബാല വിദ്യാഭ്യാസ പാഠശാലകള്‍ മുതല്‍ പഠിപ്പിക്കാനും വഖ്ഫിന്റെ സന്ദേശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കും എത്തിച്ച് കൊടുക്കാനും പരിശ്രമിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.

Tags:    

Similar News