ആശങ്കകള്‍ക്ക് വിരാമം; അമേരിക്കയില്‍ വട്ടമിട്ട് പറന്ന വിമാനം നിലത്തിറക്കി (വീഡിയോ)

Update: 2022-09-03 17:57 GMT

വാഷിങ്ടണ്‍ ഡിസി: ആശങ്കകള്‍ക്ക് വിരാമമിട്ട് അമേരിക്കയിലെ മിസിസിപ്പി നഗരത്തിന് മുകളിലൂടെ മണിക്കൂറുകളോളം വട്ടമിട്ട് പറന്ന വിമാനം ഒടുവില്‍ സുരക്ഷിതമായി നിലത്തിറങ്ങി. വിമാനം പറത്തിയ 29കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലിസ് ചോദ്യം ചെയ്യുകയാണെന്ന് ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് പറഞ്ഞു. സ്ഥിതിഗതികള്‍ പരിഹരിച്ചു, ആര്‍ക്കും പരിക്കില്ല- ഗവര്‍ണര്‍ റീവ്‌സ് ട്വിറ്ററില്‍ അറിയിച്ചു. നോര്‍ത്ത് മിസിസിപ്പി നഗരത്തിന് മുകളിലൂടെയുള്ള വിമാനം നിലത്തിറക്കി. സ്ഥിതിഗതികള്‍ പരിഹരിച്ചതില്‍ നന്ദിയുണ്ട്, ആര്‍ക്കും പരിക്കില്ല.

അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തോടെ ഈ സാഹചര്യം കൈകാര്യം ചെയ്ത പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നിയമപാലകര്‍ക്ക് നന്ദി- റീവ്‌സ് കൂട്ടിച്ചേര്‍ത്തു. മിസിസിപ്പിയിലെ ടുപെലോ നഗരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെസ്റ്റ് മെയിനില്‍ വാള്‍മാര്‍ട്ടിന്റെ കെട്ടിടത്തിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റുമെന്നായിരുന്നു പൈലറ്റിന്റെ ഭീഷണി. അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ നിന്നും സ്‌റ്റോറുകളില്‍ നിന്നും ആളുകളെ പോലിസ് ഒഴിപ്പിച്ചിരുന്നു. പൈലറ്റുമായി പോലിസ് നേരിട്ട് സംസാരിച്ചെങ്കിലും തന്റെ ലക്ഷ്യത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

ടുപെലോ വിമാനത്താവളത്തില്‍ നിന്ന് ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ 90 എന്ന ചെറുവിമാനം യുവാവ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് എന്‍ജിനുകളുള്ള ഒമ്പത് സീറ്റുകളുള്ള വിമാനം രാവിലെ അഞ്ച് മുതലാണ് നഗരത്തിന് മുകളില്‍ പറത്താന്‍ തുടങ്ങിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലിസ് സുരക്ഷാക്രമീകരണങ്ങള്‍ എല്ലാംതന്നെ സജ്ജമാക്കിയിരുന്നു. ടുപെലോ റീജ്യനല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനാണ് വിമാനത്തിന്റെ പൈലറ്റെന്ന് പ്രാദേശിക പത്രമായ ഡെയ്‌ലി ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News