അതിരാവിലെ വ്യായാമം ചെയ്യുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനം
ഒരു വ്യക്തിയുടെ സര്‍ക്കാഡിയന്‍ റിഥത്തിന് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുമായി ബന്ധമുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്: അതിരാവിലെ വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണം, ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി അതിരാവിലെ ചെയ്യുന്ന വ്യായാമ മുറകള്‍ ഉപയോഗപ്രദമാകുമെന്ന് വ്യക്തമാക്കി. വിനോദപരമായ വ്യായാമം ചെയ്യുന്നത് അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് മുന്‍പു തന്നെ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ സര്‍ക്കാഡിയന്‍ റിഥത്തിന് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുമായി ബന്ധമുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജൈവ പ്രക്രിയകളുമായി ബന്ധപ്പെട്ടതാണ് സര്‍ക്കാഡിയന്‍ റിഥം. രാത്രി ഷിഫ്റ്റ് ജോലി തുടര്‍ച്ചയായി ചെയ്യുന്നത് സര്‍ക്കാഡിയന്‍ റിഥത്തെ ദോഷകരമായി ബാധിക്കും. രാത്രി ഷിഫ്റ്റ് ജോലി സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മുന്‍പു തന്നെ കണ്ടെത്തിയിട്ടുണ്ട്. വ്യായാമം ചെയ്യുന്നതിന് ഒരു വ്യക്തിയുടെ സര്‍ക്കാഡിയന്‍ റിഥവുമായി ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. 2019 ലെ ഗവേഷണമനുസരിച്ച്, പകല്‍ വ്യായാമം ചെയ്യുന്നത് ഒരു വ്യക്തിയുടെ സിര്‍കാഡിയന്‍ റിഥം മെച്ചപ്പെടുത്തും. ഇത് കാന്‍സര്‍ ബാധിക്കാനുള്ള സാധ്യതകളെ കുറക്കും എന്നാണ് പഠനത്തില്‍ തെളിയിക്കപ്പെട്ടത്.