എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍: നിര്‍മ്മല സീതാരാമനെതിരേ ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ നിര്‍മ്മല സീതാരാമന് അതിരു കവിഞ്ഞ താല്‍പര്യമുണ്ടെന്നാണ് സ്വാമിയുടെ ആരോപണം.
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനെതിരേ ബിജെപി ക്യാമ്പില്‍ നിന്നു തന്നെ ഗുരുതരമായ ആരോപണം. ബിജെപിയുടെ രാജ്യസഭ അംഗമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് അപ്രതീക്ഷിത ആരോപണവുമായി രംഗത്തുവന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ നിര്‍മ്മല സീതാരാമന് അതിരു കവിഞ്ഞ താല്‍പര്യമുണ്ടെന്നാണ് സ്വാമിയുടെ ആരോപണം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിങ് സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് നല്‍കിയ റിപോര്‍ട്ടനുസരിച്ചാണ് നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തിച്ചതെന്ന ഗുരുതരമായ ആരോപണവും സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തുന്നു.
ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് ആന്റ് കൂപ്പര്‍ പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപോര്‍ട്ട് അനുസരിച്ച് എങ്ങനെയാണ് നിര്‍മ്മലാ സീതാരാമന്‍ നേതൃത്വം നല്‍കുന്ന മന്ത്രിമാരുടെ സംഘത്തിന് എയര്‍ ഇന്ത്യയുടെ വില്പന നടത്താനാവുന്നതെന്നാണ് സ്വാമി ഉയര്‍ത്തുന്ന ചോദ്യം. നിര്‍മ്മല സീതാരാമന്‍ നേരത്തെ ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇത്തരം ഓഹരി വിറ്റഴിക്കലിനു വേണ്ടി വിദേശ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നതെന്തിനാണെന്നും ചോദിക്കുന്നുണ്ട്. ഒരു അടിസ്ഥാനവുമില്ലാതെ എയര്‍ ഇന്ത്യയെ വിറ്റഴിക്കാനാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഉപദേശിക്കുന്നത്. ആ ഉപദേശമാണ് അവര്‍ നടപ്പിലാക്കുന്നതെങ്കില്‍ അതില്‍ ഒരു താല്പര്യ സംഘര്‍ഷമുണ്ടെന്നാണ് സ്വാമിയുടെ പക്ഷം.
പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ലണ്ടന്‍ ഓഫിസില്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന്റെ സീനിയര്‍ മാനേജരായിരുന്നു നിര്‍മ്മല സീതാരാമന്‍.
How can a Group of Ministers headed by Ms. Sitharaman work on Air India sale based on a Report prepared by Price Waterhouse and Cooper ? She was a employee of PWC while she lived in London. Anyway why do we need foreign consulting companies in such matters ?
— Subramanian Swamy (@Swamy39) November 26, 2019
ഈ മാസത്തോടെ എയര്‍ ഇന്ത്യയുടെയും മാര്‍ച്ചോടെ ബിപിസിഎല്ലിന്റെയും വില്്പന പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം എയര്‍ ഇന്ത്യയെ വില്പനയ്ക്കു വയ്ക്കാന്‍ തീരുമാനിച്ചതിന് അടിസ്ഥാനപ്പെടുത്തിയ റിപോര്‍ട്ട് തയ്യാറാക്കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ സെബി 2018 മുതല്‍ രണ്ട് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കയാണ്. ഓഡിറ്റര്‍മാരായിരുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍, സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഡിറ്റ് റിപോര്‍ട്ടുകളില്‍ തിരിമറി നടത്തിയെന്ന കാര്യം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. സെബി വിലക്കിയ ഒരു സ്ഥാപനമാണ് ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിമാരെ ഉപദേശിക്കുന്നതെന്നതും ഗൗരവമായ കാര്യമാണ്.
ഇന്ത്യയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരിവിറ്റഴിക്കലിനു വേണ്ടി വിദേശ അക്കൗണ്ടിങ് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെയാണ് നിയമിക്കുന്നത്.