സുഗന്ധഗിരി മരംകൊള്ള: വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് പ്രകൃതി സംരക്ഷണ സമിതി

Update: 2024-04-05 14:28 GMT

കല്‍പ്പറ്റ : സുഗന്ധഗിരി മരംകൊള്ളയുമായി ബന്ധമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പതിവിന്ന് വിരുദ്ധമായി സുഗന്ധഗിരിയില്‍ മരംകൊള്ളക്ക് നേതൃത്വം നല്‍കിയത് ഫോറസ്റ്റുദ്യോഗസ്ഥരാണ്. കുറ്റക്കാരായ മരക്കച്ചവടക്കാരെയും സഹിയികളെയും അറസ്റ്റു ചെയ്തിട്ടും ഗൂഢസംഘത്തിന്റെ നേതാക്കളായ മുഖ്യ പ്രതികള്‍ സ്വതന്ത്ര വിഹാരം നടത്തുകയാണ്.

സുഗന്ധഗിരിയില്‍ താമസക്കാരായ വനം ഉദ്യോഗസ്ഥര്‍, ചെക്കു പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, പെട്രോളിങ് നടത്തിയവര്‍, എന്നിവരൊക്കെ മരം കൊള്ളക്ക് അരുനിന്നവരും കേസില്‍ പ്രതിയാക്കപ്പെടേണ്ടവരുമാണ്. ഇവരെല്ലാം രക്ഷപ്പെട്ടു നില്‍ക്കുകയാണ്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരില്‍ ചിലരാണ് മരം മുറിക്കുന്നതിന്ന് കാവല്‍ നിന്നതും ലോറിയില്‍ കയറ്റുന്നതിന്ന് നേതൃത്യം നല്‍കിയതും. പ്രദേശവാസികള്‍ ഇത് പരസ്യമായി പറയുന്നുണ്ട്.

സുഗന്ധഗിരി വനം കൊള്ളക്ക് സഹായം നല്‍കിയ വനം ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാതിരിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണു നല്‍കുക. സുഗന്ധഗിരിയിലെയും വയനാട്ടിലെ മറ്റു എസ്റ്റേറ്റുകളിലെയും നിയമവിരുദ്ധ മരംമുറിയെക്കുറിച്ച് അന്വേഷിക്കുവാനും നടപടികള്‍ സ്വീകരിക്കുവാനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും കൊള്ളക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാന്‍ മടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമിതി പ്രസിഡണ്ട് എന്‍ ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News