തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യാ ശ്രമം: കോളജ് കെട്ടിടത്തില്‍നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി

Update: 2022-07-25 17:09 GMT

ചെന്നൈ: തമിഴ്‌നാട് വിഴുപ്പുറത്ത് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. കോളജ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ ഒന്നാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരില്‍ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

രാവിലെ സ്‌കൂളിലെത്തി മടങ്ങിയ വിദ്യാര്‍ഥിനിയെ പിന്നീട് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് പുതിയ സംഭവ വികാസങ്ങള്‍. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് വന്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വിദ്യാര്‍ഥിനി എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹോസ്റ്റല്‍ ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല.

ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിനാണ് കേസന്വേഷണ ചുമതല. കുട്ടിയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം വ്യാപക അക്രമങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ശക്തമായ കല്ലേറും തീവയ്പ്പുമുണ്ടായി. പോലിസ് വാന്‍ അടക്കം നിരവധി ബസ്സുകള്‍ക്ക് തീയിട്ടു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്ന അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

Tags:    

Similar News