ഗൈനക്കോളജിസ്റ്റിന്റെ ആത്മഹത്യ; രാജസ്ഥാനില്‍ മെഡിക്കല്‍ബന്ദ്

Update: 2022-03-30 07:38 GMT

ജെയ്പൂര്‍: ഗര്‍ഭിണി മരിച്ചതിന് കൊലപാതകക്കുറ്റം ചുമത്തിയതില്‍ മനംനൊന്ത് ഗൈനക്കോളസ്റ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജസ്ഥാനില്‍ മെഡിക്കല്‍ബന്ദ്. ഡല്‍ഹിയിലെയും രാജസ്ഥാനിലെയും ഡോക്ടര്‍മാരാണ് മെഡിക്കല്‍ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രസവത്തിനിടയിലാണ് യുവതി മരിച്ചത്. ഡോക്ടര്‍ അര്‍ച്ചന ശര്‍മ്മയാണ് കേസെടുത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

ഐഎംഎ രാജസ്ഥാന്‍ ചാപ്റ്ററാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ മെഡിക്കല്‍ സര്‍വീസില്‍നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

'ഇന്നലെ ലാല്‍സോട്ട് ദൗസയില്‍ നടന്ന സംഭവത്തിനും ഡോ. അര്‍ച്ചന ശര്‍മ്മയുടെ ദുഃഖകരമായ വിയോഗത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് 30ന് രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ മെഡിക്കല്‍ ബന്ദിന് ഐഎംഎ രാജസ്ഥാന്‍ ആഹ്വാനം ചെയ്യുന്നു.'- ഐഎംഎയുടെ കുറിപ്പില്‍ പറയുന്നു. 

'സംസ്ഥാനത്ത് എല്ലാത്തരം മെഡിക്കല്‍ സേവനങ്ങളും 24 മണിക്കൂര്‍ അടച്ചിടും. രാജസ്ഥാന്‍ പ്രതിഷേധ ദിനത്തെ പിന്തുണയ്ക്കാന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'- കുറിപ്പില്‍ ആവശ്യപ്പെട്ടു.

അതിനിടെ, ദേശീയ തലസ്ഥാനത്ത്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) റസിഡന്റ് ഡോക്ടര്‍മാര്‍ കറുത്ത റിബ്ബണ്‍ ധരിച്ചാണ് ജോലിക്കെത്തിയത്.

പ്രസവാനന്തര രക്തസ്രാവം മൂലമാണ് ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചത്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരം ഡോക്ടര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. ഇതില്‍ മനംനൊന്ത് അവര്‍ മാര്‍ച്ച് 29ന് ആശുപത്രിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 

Tags:    

Similar News