ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കൊ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു. 94 വയസ്സായിരുന്നു.
ഋഷികേശിലെ എയിംസില്‍ വച്ചായിരുന്നു മരണം. ഏതാനും ദിവസമായി എയിംസില്‍ ചികില്‍സയിലായിരുന്നു.
വനനശീകരണത്തിനെതിരേ പ്രവര്‍ത്തിച്ച ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ പരിസ്ഥിതി പ്രവര്‍ത്തകനായ ബഹുഗുണയെ മെയ് എട്ടിനാണ് എയിംസില്‍ പ്രവേശിച്ചിപ്പച്ചത്. വ്യാഴാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ നില ഗുരുതരമായി. ഓക്‌സിജന്റെ അളവ് താഴ്ന്നു .
സുന്ദര്‍ലാല്‍ ബഹുഗുണയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തും അനുശോചനം രേഖപ്പെടുത്തിയവരില്‍ പെടുന്നു.
ചിപ്‌കൊ എന്നാല്‍ കെട്ടിപ്പിടിക്കുകയെന്നാണ് അര്‍ത്ഥം. 1970കളില്‍ വനനശീകരണം ശക്തമായ കാലത്താണ് ബഹുഗുണ അതിനെതിരേ മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടുളള സമരരൂപവുമായി രംഗത്തുവന്നത്. 1974 ല്‍ അളകനന്ദ വനത്തിലെ 2,500 വൃക്ഷങ്ങള്‍ സര്‍ക്കാര്‍ ലേലം വിളിച്ചതുമായി ബന്ധപ്പെട്ടാണ് സമരം തുടങ്ങിയത്. മരംവെട്ടുകാര്‍ വന്നപ്പോള്‍ ഗ്രാമവാസികള്‍ എത്തുകയും മരങ്ങളില്‍ കെട്ടിപ്പിടിച്ച് മരം വെട്ടിനെ പ്രതിരോധിക്കുകയും ചെയ്തു. ഗൗരവദേവി, സുദേഷ് ദേവി, ബച്ചിനി ദേവി എന്നിവരായിരുന്നു സമരത്തിന്റെ മുന്നില്‍.
ബഹുഗുണയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ദിരാഗാന്ധി മരം വെട്ടിന് 1980ല്‍ 15വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.