ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം സ്ഥിരീകരിച്ചു

Update: 2025-03-25 07:03 GMT
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടയിലാണ് ഈ തീരുമാനം.

കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി സുപ്രിംകോടതി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. ഈ അന്വേഷണത്തിന്റെ ഫലം വരുന്നതുവരെയാണ് ജസ്റ്റിസ് വര്‍മ്മയുടെ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്.

കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദിഷ്ട സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരും. അതേസമയം, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തെ തുടര്‍ന്ന് അനിശ്ചിതകാല സമരം നടത്തുമെന്ന് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ അഭിഭാഷകര്‍ അറിയിച്ചു.

1992ല്‍ അഭിഭാഷക ജീവിതം ആരംഭിച്ച ജസ്റ്റിസ് വര്‍മ്മ 2014ലാണ് അലഹബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. 2016-ല്‍ സ്ഥിരം ജഡ്ജിയായ അദ്ദേഹം 2021 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമിതനായി.

Tags:    

Similar News