രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടില്ല; പെഗാസസ് കേസില്‍ സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ഒരു റിപോര്‍ട്ടും പുറത്തു വിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയെന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ല്‍ സമര്‍പ്പിച്ച ഒരു കൂട്ടം റിട്ട് ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോതിയുടെ പരാമര്‍ശം.
സാങ്കേതിക സമിതിയുടെ റിപോര്‍ട്ട് തെരുവുകളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു രേഖയാക്കരുതെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍. കോടിശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സാങ്കേതിക സമിതിയുടെ റിപോര്‍ട്ട് വ്യക്തികളുമായി എത്രത്തോളം പങ്കിടാന്‍ കഴിയുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു.അതേസമയം, വ്യക്തിഗത ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. ജൂലൈ 30 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.