ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവം; റിപോര്‍ട്ട് തേടി സുപ്രിംകോടതി

ന്യൂഡല്‍ഹി: തീപിടുത്തത്തെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്തതില്‍ അന്വേഷണം ആരംഭിച്ച് സുപ്രിംകോടതി. വിഷയത്തില്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് കോടതി റിപോര്‍ട്ട് തേടി.
സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് തിരുമാനം. എന്നാല്‍, ജസ്റ്റിസ് വര്‍മ്മയെ സ്ഥലം മാറ്റുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നും നിയമവ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും കൊളീജിയത്തിലെ ചില ജഡ്ജിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് വര്‍മ്മ സ്വമേധയാ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, അദ്ദേഹം വിസമ്മതിച്ചാല്‍ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെയാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം നടക്കുമ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളുമാണ് പോലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സ് സംഘം തീയണച്ചതിന് ശേഷം പരിശോധന നടത്തിയപ്പോളാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പണം കണ്ടെത്തിയ വിവരം സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുമെത്തി. അവര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വിവരമറിയിക്കുകയായിരുന്നു. .