പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും ബലാല്‍സംഗ ശ്രമമല്ലെന്ന വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും ബലാല്‍സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. പതിനൊന്നുകാരിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസിലാണ് വിധി.
പ്രതികളായ പവന്‍, ആകാശ് എന്നിവര്‍ 11 വയസ്സുള്ള ഇരയുടെ മാറിടത്തില്‍ പിടിച്ചുവെന്നും അവരില്‍ ഒരാളായ ആകാശ് പൈജാമയുടെ ചരട് പൊട്ടിച്ച് കല്‍വെര്‍ട്ടിലൂടെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു എന്നുമാണ് പ്രോസിക്യൂഷന്റെ കേസ്. പ്രഥമദൃഷ്ട്യാ ഈ പ്രവൃത്തികള്‍ പോക്‌സോ നിയമപ്രകാരം 'തീവ്രമായ ലൈംഗികാതിക്രമം' എന്ന കുറ്റമായി കണക്കാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ. ഇതിലെ നിരീക്ഷണങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.
ഹൈക്കോടതി വിധിയെ ചോദ്യംചെയ്യുന്ന റിട്ട് ഹര്‍ജി സുപ്രളംകോടതി കഴിഞ്ഞദിവസം സാങ്കേതികകാരണങ്ങളാല്‍ തള്ളിയിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്യേണ്ടത് കേസിലെ കക്ഷികള്‍ പ്രത്യേകാനുമതി ഹര്‍ജിയിലൂടെയാണെന്നിരിക്കേ, പുറമേ നിന്നുള്ളയാള്‍ റിട്ട് ഹരജി നല്‍കിയത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി. ഇതിന് ശേഷമാണ് സ്വമേധയാ ഹരജി ഫയലില്‍ സ്വീകരിച്ചത്.