സംസ്ഥാനത്ത് കൊവിഡ് ആഘാതത്തിന്റെ സാമ്പത്തിക വശത്തെ കുറിച്ച് സര്‍വേ; റിപോര്‍ട്ട് ഒരു മാസത്തിനുളളില്‍

Update: 2020-05-15 14:17 GMT

തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സര്‍വേ നടത്തുകയാണ്. സര്‍വെക്കുള്ള ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്‍പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുന്നത്. 

കൊവിഡ് 19ഉം ലോക്ക് ഡൗണുംമൂലം വിവിധ മേഖലകളില്‍ എന്തെല്ലാം ആഘാതങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഈ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികാഘാതം മറികടക്കാന്‍ ആവശ്യമായ സമയത്തെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുന്നില്ല. ഈ സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതു കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.

മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാര്‍ സിങ് (കണ്‍വീനര്‍), സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ ഇടക്കാല പഠന റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

Tags:    

Similar News