ടേബ്ള്‍ ടോപ്പ് റണ്‍വേ: ആവര്‍ത്തിക്കുന്ന വിമാനാപകടങ്ങള്‍
കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബ്ള്‍ടോപ്പ് റണ്‍വേ.
കോഴിക്കോട്: വിമാനത്താവളങ്ങളില്‍ അപകട സാധ്യത കൂടിയ റണ്‍വേകളുടെ ഗണത്തിലാണ് ടേബ്ള്‍ ടോപ്പ് റണ്‍വേകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്തുവര്‍ഷം മുന്‍പ് 158 പേര്‍ മരിച്ച മംഗലാപുരം വിമാനാപകടത്തിന്റെ പ്രധാന കാരണമായി പറഞ്ഞത് ടേബ്ള്‍ ടോപ്പ് റണ്‍വേ ആയിരുന്നു. കരിപ്പൂരില്‍ 20തോളം പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണവും ടേബ്ള്‍ടോപ്പ് റണ്‍വേ ആണെന്നാണ് പറയപ്പെടുന്നത്.
കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബ്ള്‍ടോപ്പ് റണ്‍വേ. ഏതെങ്കിലും കാരണവശാല്‍ റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ തെന്നി മാറിയാല്‍ സംഭവിക്കുന്നത് താഴെയുള്ള അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കലാവും. ഇത് വന്‍ അപകടത്തിനും കാരണമാകും. കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ടേബ്ള്‍ടോപ്പ് റണ്‍വേകളില്‍ പൈലറ്റിന് വിമാനം ലാന്റ് ചെയ്യിക്കുന്നത് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ പ്രയാസകരമായിട്ടാണ് വ്യാമയാന വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ ഇത് ദുര്‍ഘടവുമാണ്. പൈലറ്റിന്റെ കണക്കുകൂട്ടലില്‍ നേരിയ പിഴവ് സംഭവിച്ചാല്‍ വന്‍ അപകടത്തിലേക്കു വഴിവെക്കും. മംഗലാപുരത്തെന്നപോലെ കരിപ്പൂരിലും ഇതാണ് സംഭവിച്ചത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.