തബ്‌ലീഗ് ജമാഅത്ത്: 31 വിദേശികള്‍ക്കെതിരേയുള്ള നിയമ നടപടി അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിസാ നിയമം ലംഘിച്ച് തബ്‌ലീഗ് ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് നിയമ നടപടി നേരിടുന്ന 31 വിദേശികളുടെ കേസ് അവസാനിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിസാ നിബന്ധനകള്‍ ലംഘിച്ച് പങ്കെടുത്തുവെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.
31 പേര്‍ക്കും എത്രയും പെട്ടെന്ന് അവരുടെ നാടുകളിലേക്ക് തിരികെപ്പോകുന്നതിനുള്ള അവകാശമുണ്ട്. കൊവിഡ് പകര്‍ച്ചവ്യാധി പടരുന്ന ഈ സാഹചര്യത്തില്‍ അവരെ ഇവിടെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
വിസാ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ വേണ്ടതിലധികം അനുഭവിച്ചുവെന്നും ഇപ്പോള്‍ ആരോഗ്യപരമായ ഒരു അടിയന്തിരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും പരാതിക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അവകാശമുണ്ടെന്നും കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.
സൈനിക അധിനിവേശത്തിന്റെയും ആരോഗ്യ അടിയന്തിരാവസ്ഥയുടെയും ഘട്ടങ്ങളില്‍ രാജ്യം വിടാനുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാര്‍ക്ക് ഭാഗ്യവശാല്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചിട്ടില്ല. നാളെ സ്ഥിതിഗതികള്‍ മാറിയേക്കാം. അവരുടെ ജീവനു തന്നെ ഭീഷണി ഉയരുകയും ചെയ്‌തേക്കാം. സമയം അനിശ്ചിതമാണ് പക്ഷേ, അവകാശങ്ങള്‍ നിശ്ചിതമായിരിക്കണം. രാജ്യം വിടുന്നതിനുള്ള ചെലവുകള്‍ വഹിക്കാന്‍ പരാതിക്കാര്‍ തയ്യാറാണ്. അവരുടെ എംബസികളുമായി ബന്ധപ്പെട്ട് രാജ്യം വിടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം- കോടതി ഉത്തരവില്‍ വ്യക്തമാക്കി.
11 ബംഗ്ലാദേശികളുടെയും 20 ഇന്തോനേഷ്യക്കാരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
പരാതിക്കാരുടെ നടപടികള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടതാണെങ്കിലും അത് വലിയ ദോഷം വരുത്തിവച്ചതാണെങ്കിലും ഈ സമയത്ത്് അതിനെ സമീപിക്കേണ്ടത് വ്യത്യസ്തമായിട്ടായിരിക്കണം. സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാനുള്ള അപേക്ഷ ഇപ്പോള്‍ തടയാന്‍ പാടില്ല. കാരണം അവര്‍ ഇപ്പോള്‍ തന്നെ 70 ദിവസമായി ജയിലിലാണ്. ആനുപാതികമായി കാര്യങ്ങള്‍ വിലയിരുത്തണം. അവര്‍ അനുഭവിക്കേണ്ട തടവ് ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഇനി അവരെ രാജ്യം വിടാന്‍ അനുവദിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് നീതിയുക്തവും-കോടതി ഉത്തരവില്‍ പറഞ്ഞു.
ഏപ്രില്‍ ആദ്യ വാരത്തിലാണ് ബംഗ്ലാദേശികളായ 11 പേരെയും ഇന്തോനേഷ്യയില്‍ നിന്നുള്ള 20 പേരെയും വിസാ നിയമം ലംഘിച്ച് മതപ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പോലിസ് അറസ്റ്റ് ചെയ്തത്. എല്ലാവരെയും സ്വന്തം ബോണ്ടില്‍ മോചിപ്പിക്കണമെന്നും നാട് വിടുന്നതുവരെ തടവില്‍ വയ്ക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നാടുവിടുന്നതുവരെയുള്ള ഇവരുടെ താമസവും മറ്റ് ചെലവുകളും വഹിക്കാമെന്ന ചെന്നൈയിലെ ജാമിഅ ക്വാസ്മിയ അറബി കോളജ് മാനേജ്‌മെന്റിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. പരാതിക്കാരെ കൂട്ടത്തോടെ തബ്്‌ലീഗി എന്ന് മുദ്ര കുത്തും മുമ്പ് അവരുടെ വൈയക്തികമായ ദുരിതങ്ങള്‍ കണക്കിലെടുക്കണമെന്ന് പ്രഫ. ഉപേന്ദ്ര ബക്ഷിയെ ഉദ്ധരിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.