മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തും, ആയുധമെടുക്കില്ല: കശ്മീര്‍ വിഷയത്തില്‍ താലിബാന്‍

Update: 2021-09-03 06:02 GMT

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ താലിബാന്‍ കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. ലോകത്തെ ഏത് കോണിലുമുള്ള മുസ് ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും സംസാരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ ഇതര രാജ്യങ്ങള്‍ക്കെതിരേ ആയുധമെടുക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി.

ബിബിസി ഉറുദുവിന് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ വക്താവ് സുഹെയ്ല്‍ ഷഹീന്‍ കശ്മീരിലെയും ഇന്ത്യയിലെ മുസ് ലിംകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത്.

ഞങ്ങള്‍ മുസ് ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തും. അവര്‍ ഞങ്ങളുടെ ജനങ്ങളാണ്, നിങ്ങളുടെ പൗരന്മാരാണ്. അവര്‍ക്ക് രാജ്യത്ത് തുല്യനീതി വേണം- അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഒരു അന്താരാഷ്ട്രപ്രശ്‌നമാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നുമായിരുന്നു നേരത്തെ താലിബാന്റെ നിലപാട്.

അഫ്ഗാന്റെ മണ്ണ് ഇന്ത്യയില്‍ ഭീകരവാദത്തിന് താവളമൊരുക്കുന്നതാവരുതെന്നും അക്കാര്യം തങ്ങള്‍ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്‍ഡം ബഗാച്ചി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്താനും ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനത്തിനും അഫ്ഗാന്‍ മണ്ണ് വിനിയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ള ആശങ്കയും ഖത്തര്‍ അംബാസിഡര്‍ ദീപക് മിത്തല്‍ മുതിര്‍ന്ന താലിബാന്‍ നേതാവ് ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സെയുമായി പങ്കുവച്ചിരുന്നു. ഖത്തറില്‍വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യക്കാരെ പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളെ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.  

Tags:    

Similar News