ടാന്‍സാനിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തടാകത്തില്‍ പതിച്ചു (വീഡിയോ)

Update: 2022-11-06 14:19 GMT

ദാറുസ്സലാം: ടാന്‍സാനിയയിലെ ബുക്കാബോയില്‍ യാത്രാ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് വീണു. 26 യാത്രികരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. അപകടത്തില്‍ ജീവഹാനി റിപോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ദാറുസ്സസലാമില്‍ നിന്ന് ബുക്കാബോയിലേക്ക് സഞ്ചരിക്കുകയായിരുന്ന ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ പ്രിസിഷന്‍ എയര്‍ വിമാനമാണ് വിക്ടോറിയ തടാകത്തില്‍ പതിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മഴ മൂലം ബുക്കാബോ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് വിമാനം തകര്‍ന്ന് വീണത്. തടാകത്തോടു ചേര്‍ന്ന ബുക്കോബാ വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ചു നൂറുമീറ്റര്‍ മാറിയാണ് അപകടം നടന്നത്.

പിഡബ്ല്യു 494 എന്ന കോഡുള്ള വിമാനത്തിലെ 39 യാത്രികരും നാല് ജീവനക്കാരുമാണുണ്ടായിരുന്നതെന്ന് വിമാന കമ്പനി അറിയിച്ചു. പൂര്‍ണമായും മുങ്ങിയ വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളത്തില്‍ ഏറക്കുറെ മുങ്ങിയ വിമാനം കെട്ടിവലിച്ച് കരയിലെത്തിച്ചു.

Tags:    

Similar News