ബിസിജി എടുത്തവരെ കൊവിഡ് ബാധിക്കില്ല ?
ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണവിഭാഗം തലവനുമായ ഗോണ്‍സാലോ ഒറ്റാസു ജപ്പാനില്‍ കേസുകള്‍ കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പഠനമാണ് കൊവിഡ് രോഗ നിയന്ത്രണത്തിന് ബാസിലസ് കാല്‍മെറ്റ്-ഗ്വെറിന്‍ (ബിസിജി) വാക്‌സിന്റെ സ്വാധിനമുണ്ടെന്ന് കണ്ടെത്തിയത്.
കോഴിക്കോട്: ക്ഷയരോഗത്തിനെതിരെ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് മരണങ്ങള്‍ കുറവെന്നു പഠന റിപോര്‍ട്ട്. പ്രസിദ്ധീകരിക്കാത്ത മെഡിക്കല്‍ ഗവേഷണത്തിനുള്ള സൈറ്റായ medRxivല്‍ പോസ്റ്റുചെയ്ത പ്രാഥമിക പഠനത്തിലാണ് എല്ലാവരും ക്ഷയരോഗത്തിനെതിരെയുള്ള വാക്‌സിന്‍ എടുക്കണമെന്ന് നിയമില്ലാത്ത രാജ്യങ്ങളെ അപേക്ഷിച്ച് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ കൊവിഡ്-19 ബാധ കുറവാണെന്നു കണ്ടെത്തിയത്. ഇതു പ്രകാരം ബിസിജി വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനത്തിനുള്ള സാധ്യത കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണവിഭാഗം തലവനുമായ ഗോണ്‍സാലോ ഒറ്റാസു ജപ്പാനില്‍ കേസുകള്‍ കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പഠനമാണ് കൊവിഡ് രോഗ നിയന്ത്രണത്തിന് ബാസിലസ് കാല്‍മെറ്റ്-ഗ്വെറിന്‍ (ബിസിജി) വാക്‌സിന്റെ സ്വാധിനമുണ്ടെന്ന് കണ്ടെത്തിയത്. കൊവിഡ് കൂടുതലായി വ്യാപിച്ച രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ എന്നിവിടങ്ങളില്‍ ബിസിജി വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ചൈനയില്‍ ബിസിജി നയങ്ങളുണ്ടെങ്കിലും ഇത് നല്ല രീതിയില്‍ നടപ്പിലാക്കിയിരുന്നില്ല. അതേ സമയം ബിസിജി വാക്‌സിന്‍ നിര്‍ബന്ധമാക്കുകയും കര്‍ശനമായി നടപ്പിലാക്കുകയും ചെയ്ത ജപ്പാനില്‍ കൊവിഡ് 19 ഭീഷണി ഉയര്‍ത്തിയില്ല. ഇവിടെ ലോകഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നതുമില്ല.
സാര്‍വത്രികവും ദീര്‍ഘകാലവുമായ ബിസിജി നയങ്ങളുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിസിജി വാക്‌സിനേഷന്റെ സാര്‍വത്രിക നയങ്ങളില്ലാത്ത രാജ്യങ്ങളായ ഇറ്റലി, നെതര്‍ലാന്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയെ കൊവിഡ് 19 സാരമായി ബാധിച്ചു.യുഎസില്‍ 1,90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇറ്റലിയില്‍ 1,05,000 കേസുകളും 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 12,000 ത്തിലധികം രോഗങ്ങളും ആയിരത്തിലധികം മരണങ്ങളും നെതര്‍ലാന്‍ഡില്‍ സംഭവിച്ചു. അതേ സമയം ഈ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ആരോഗ്യ സംവിധാനങ്ങളും ജനപ്പെരുപ്പവുമുള്ള ഇന്ത്യയില്‍ കൊവിഡ് 19 നിയന്ത്രാണാതീതമായി വ്യാപിക്കുന്നില്ല. ബിസിജി വാക്‌സിന്‍ ഇന്ത്യ സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമാക്കിയതാണ് ഈ സുരക്ഷക്കു കാരണമെന്നും ഗോണ്‍സാലോ ഒറ്റാസു വ്യക്തമാക്കുന്നു. ജനനസമയത്ത് അല്ലെങ്കില്‍ അതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ബിസിജി വാക്‌സിന്‍ നല്‍കുന്നുണ്ട്. 1948 മുതല്‍ ഇന്ത്യയില്‍ ബിസിജി വാക്്‌സിന്‍ നിര്‍ബന്ധമാണ്. നേരത്തെ സാര്‍സ് വൈറസ് ബാധക്കെതിരിലും ബിസിജി വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോള്‍ കൊവിഡ് ബാധിതരെ പരിചരിക്കുന്നവര്‍ക്ക് പ്രതിരോധ മരുന്നെന്ന നിലയില്‍ ബിസിജി വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച് പല രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. ഒരിക്കല്‍ ബിസിജി വാക്‌സിന്‍ നല്‍കിയവര്‍ക്ക് വീണ്ടും ഇത് നല്‍കാമോ എന്ന തരത്തിലുള്ള പഠനങ്ങളും നടക്കുന്നുണ്ട്.