തെലങ്കാന ടണല്‍ ദുരന്തം; കണ്ടെത്തിയ ആളുടെ മൃതദേഹം ജന്മനാട്ടിലേക്ക് അയച്ചു; ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍

നാഗര്‍കുര്‍നൂള്‍: എസ്എല്‍ബിസി തുരങ്കത്തില്‍ നിന്ന് കണ്ടെത്തിയ ഗുര്‍പ്രീത് സിങിന്റെ മൃതദേഹം പഞ്ചാബിലെ ജന്മനാട്ടിലേക്ക് അയച്ചു. ബാക്കിയുള്ള ഏഴ് പേരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി 22 ന് തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് അകത്ത് കുടുങ്ങിയ എട്ട് പേരില്‍ റോബിന്‍സ് കമ്പനിയില്‍ ടണല്‍ ബോറിംഗ് മെഷീന്‍ (ടിബിഎം) ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ആളാണ് ഗുര്‍പ്രീത് സിങ്.
ഇടതു ചെവിയിലെ കമ്മലും വലതു കൈയിലെ ടാറ്റൂവും നോക്കിയാണ് സിങ്ങിനെ തിരിച്ചറിഞ്ഞത്. 48 മണിക്കൂറിലധികം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗുര്‍പ്രീത് സിങിന്റെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.