സൗദിയില്‍ മാളുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി; സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശം

Update: 2020-04-29 09:27 GMT

ദമ്മാം: മാളുകളും മൊത്ത, ചില്ലറ വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനുള്ള താല്കാലിക അനുമതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കൊവിഡ് 19 ന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലത്ത് 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് പ്രവര്‍ത്തിസമയം നിശ്ചയിച്ചിരിക്കുന്നത്. മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 

കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍, ഫാക്ടറികള്‍ തുടങ്ങിയവക്കും മെയ് 13 വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ വിഭാഗത്തിന് സമയക്രമം ബാധകമല്ല.

ജീവനക്കാര്‍ സാമുഹ്യഅകലം പാലിച്ചു കൊണ്ട് മറ്റു നിബന്ധനകള്‍ക്കു വിധേയമായാണ് ജോലി ചെയ്യേണ്ടതെന്ന് മാനവ, സാമൂഹ്യ വികസന മന്ത്രി. അഹമ്മദ് സുലൈമാന്‍ അല്‍രാജിഹ് നിര്‍ദേശിച്ചു. സ്ഥാപനങ്ങള്‍ക്കുളള നിബന്ധനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാളുകള്‍ക്കുള്ളില്‍ ഇടപാടുകാര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകം പാലിക്കല്‍, കറന്‍സി ഇടപാടുകള്‍ ഒഴിവാക്കി ഇലക്‌ട്രോണിക് മാര്‍ഗം സ്വീകരിക്കല്‍, മാളുകള്‍ക്കുള്ളിലെ നിസ്‌കാരമുറികളും വസ്ത്രങ്ങള്‍ അളവെടുക്കുന്ന മുറികളും അടച്ചിടല്‍, പൊതു ഇരിപ്പിടങ്ങള്‍ ഒഴിവാക്കല്‍, ഇലക്‌ട്രോണിക് കവാടങ്ങളല്ലെങ്കില്‍ കവാടങ്ങള്‍ തുറന്നവയ്ക്കല്‍, വില്‌ന നടത്തിയ സാധനങ്ങള്‍ മടക്കി എടുക്കുന്നതും പകരം നല്‍കുന്നതും ഒഴിവാക്കല്‍, സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പുറത്ത് വരിയായി നിറുത്തി അകത്തുള്ളവര്‍ പുറത്തിറങ്ങിയ ശേഷം ബാക്കിയുള്ള ക്രമപ്രകാരം അകത്ത് പ്രവേശിപ്പിക്കല്‍ എന്നിങ്ങനെ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

ട്രോളികള്‍, ഇലക്ട്രണിക് കോണികള്‍ തുടങ്ങിയവ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും കയ്യുറകളും മാസ്‌കും ധരിച്ചിരിക്കണം. പ്രവേശിക്കുന്നവരെ താപനില പരിശോധിക്കണം. ഊഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്. പ്രവേശന കവാടങ്ങളില്‍ കയ്യുറയും മാസ്‌കും കരുതിയിരിക്കണം. ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ചെറുതായിപോലും രോഗം സംശയിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കോറന്റീന്‍ ചെയ്യപ്പെടുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കല്‍ തുടങ്ങിയവയാണ് നിബന്ധനകള്‍. 

Tags:    

Similar News