ആ പെണ്‍കുട്ടി ഹാഥ്‌റസിലേതല്ല: പ്രചരിക്കുന്നത് തെറ്റായ പടം
ഉത്തര്‍പ്രദേശിലെ മഥുരയിലെ മോഹന്‍ യാദവിന്റെ മകളുടെ ഫോട്ടോയാണ് തെറ്റായി പ്രചരിക്കുന്നത്.
മഥുര: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ലൈംഗികാതിക്രമത്തിനും ക്രൂരമര്‍ദനത്തിനും ഇരയായി ചികില്‍സയിലിരിക്കെ മരണപ്പെട്ട പെണ്‍കുട്ടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്ന് കണ്ടെത്തല്‍. ഹാഥ്‌റസിലെ ബലാല്‍സംഗത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ കാണിക്കുന്ന ഫോട്ടോ രണ്ടു വര്‍ഷം മുന്‍പു മരിച്ച മഥുരയിലെ യുവതിയുടേയാണ്. ഇത് വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 29നാണ് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ നിന്നുള്ള 19കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെണ്‍കുട്ടിക്കെതിരെയുണ്ടായ അതിക്രമത്തിനെതിരേ രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധത്തില്‍ പലയിടത്തും കാണിക്കുന്നതും തെറ്റായ ചിത്രമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം പല ഉന്നതരും പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മഥുരയിലെ മോഹന്‍ യാദവിന്റെ മകളുടെ ഫോട്ടോയാണ് തെറ്റായി പ്രചരിക്കുന്നത്. അസുഖബാധിതയായ പെണ്‍കുട്ടി 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ട ഈ പെണ്‍കുട്ടിക്കു വേണ്ടി വലിയ പ്രതിഷേധ ക്യാംപയിനുകള്‍ അന്ന് നടന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചതിലും, ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്നാണ് പിതാവ് മോഹന്‍ലാല്‍ യാദവ് പറയുന്നത്. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം ചണ്ഡീഗഡ് എസ്.എസ്.പിക്ക് പരാതി നല്‍കി. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.