കെട്ടിട ഉടമകള്‍ സൗജന്യമായി സ്ഥലം വിട്ടുകൊടുത്തു, അഞ്ചപ്പുരയില്‍ നാടുകാണി പാതയുടെ നിര്‍മ്മാണം പുനരാരംഭിച്ചു
പരപ്പനങ്ങാടി: സ്ഥലം ഏറ്റെടുക്കാത്തതിന്റെ പേരില്‍ ഏറെ കാലമായി മുടങ്ങിക്കിടന്നിരുന്ന നാടുകാണി പരപ്പനങ്ങാടി പാതയിലെ അഞ്ചപ്പുര ഭാഗം കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലം വിട്ടു കൊടുത്തതോടെ നിര്‍മാണം പുനരാരംഭിച്ചു. നാടുകാണി പാതയുടെ അഞ്ചപ്പുര ഭാഗത്തെ നിര്‍മ്മാണം വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്.
ഏറെ തിരക്കേറിയ അഞ്ചപ്പുരയില്‍ 12 മീറ്റര്‍ വീതിയോടെയുള്ള റോഡിനായി സ്ഥലം ഏറ്റെടുക്കേണ്ടി വരികയും എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന ഫണ്ട് വെട്ടച്ചുരുക്കിയതോടെ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോവുകയുമായിരുന്നു. ഇക്കാരണത്താലാണ് പാത നിര്‍മാണം നീണ്ടുപോയത്. എന്നാല്‍ തിരൂരങ്ങാടി എംഎല്‍എ കെപി എ മജീദ് മുന്‍കൈ എടുത്തുകൊണ്ടു പല തവണകളിലായി കെട്ടിടഉടമകളെ അടക്കം യോഗം വിളിച്ചു. ആ യോഗത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായത്.
ഇരു ഭാഗങ്ങളിലും കൈവരികളോടുകൂടിയ നടപ്പാത ഒരുക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്കും സൗകര്യമാകും.
പരപ്പനങ്ങാടി ചെറമംഗലം മുതല്‍ നാടുകാണി വരെ 104 കിലോമീറ്റര്‍ ദൂരമാണ് പാതയ്ക്കുള്ളത്. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ 450 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയെങ്കിലും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 375 കോടിയായും ഇപ്പോള്‍ 280 കോടിയായും വെട്ടി ചുരുക്കുകയായിരുന്നു. ഇതനുസരിച്ചു ചെറമംഗലം മുതല്‍ കക്കാട് വരെയുള്ള ഭാഗങ്ങള്‍ അഞ്ചപ്പുര ഒഴികെ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
പദ്ധതി വെട്ടി ചുരുക്കിയതോടെ 44.7 കിലോമീറ്റര്‍ മാത്രമേ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളൂ. എന്നാല്‍ ഡ്രൈനേജ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുമുണ്ട്.
പാത പൂര്‍ത്തീകരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പൊതുമരാമത്തു എന്‍ജിനിയര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗിരീഷ് തോട്ടത്തില്‍, പി വി മുസ്തഫ തുടങ്ങിയവര്‍ അഞ്ചപ്പുര ഭാഗം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.