കാര്‍ മറിഞ്ഞ് ഖത്തറില്‍നിന്ന് ഉംറയ്ക്കായി പുറപ്പെട്ട മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
സാബിറ അബ്ദുല്‍ ഖാദര്‍ (55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ (3) എന്നിവരാണ് മരിച്ചത്.

റിയാദ്: ഉംറയ്ക്കായി പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പത്തിരിപ്പാല സ്വദേശി തോട്ടത്തിപ്പറമ്പില്‍ ഫൈസല്‍ അബ്ദുല്‍ സലാമിന്റെ രണ്ട് ആണ്‍കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചത്. സാബിറ അബ്ദുല്‍ ഖാദര്‍ (55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ (3) എന്നിവരാണ് മരിച്ചത്.
ഖത്തറിലെ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനാണ് ഫൈസല്‍. താഇഫിലെത്താന്‍ 73 കി.മീ ബാക്കി നില്‍ക്കെ അതീഫിനടുത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടം. പുലര്‍ച്ച സുബഹിക്ക് നമസ്‌കാരത്തിനായി ഇവര്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതിന് ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസാര പരുക്കേറ്റു. ഇവരെ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.