കൊച്ചി: ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പാലത്തായി ബാലികാ പീഡനക്കേസ് നാളെ വീണ്ടും ഹൈക്കോടതി പരി ഗണിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നവാശ്യപ്പെട്ടുള്ള ഇരയുടെ മാതാവിന്റെ ഹരജി പരിഗണിച്ചാണ് കേസ് നാളത്തേക്കു മാറ്റിയത്. ഇതേവരെയുള്ള അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി പ്രതി കുനിയില്‍ പത്മരാജന് നോട്ടിസ് അയക്കാനും കഴിഞ്ഞ മാസം 29ന് കോടതി ഉത്തരവിട്ടു.
അഡ്വ.മുഹമ്മദ് ഷാ മുഖാന്തിരമാണ് പ്രതിക്കെതിരെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹരജിയില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം. കുറ്റപത്രത്തില്‍ നിന്നും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനാലാണ് ജാമ്യം നല്‍കിയതെന്ന വാദം നിലനില്‍ക്കില്ല. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതായി ജാമ്യം നല്‍കിയ കോടതി കണ്ടെത്തിയാല്‍ അത് കോടതിയുടെ അധികാരപരിധി ഇല്ലാതാക്കുന്നതാണ്. ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. കേസില്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍കുന്നതായി കണ്ടെത്തിയാണ് ജാമ്യം നല്‍കിയതെങ്കില്‍ ഇരയുടെ വാദം കേള്‍ക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ ഇരയുടെ പക്ഷം കീഴ്‌ക്കോടതി കേട്ടിട്ടില്ല.
പ്രതിക്കെതിരെ പോക്‌സോ കുറ്റം ഇല്ലാത്തതിനാല്‍ ഇരയെ കേള്‍ക്കേണ്ട എന്നാണെങ്കില്‍ പോക്‌സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നല്‍കിയ കീഴ്‌ക്കോടതിക്കില്ല.
പോക്‌സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1എ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണെന്നും ഇരയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തണം. പോക്‌സോ കോടതി അധികാരമുപയോഗിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോള്‍ ഇരയെ കേട്ടില്ല എന്നതാണ് മാതാവിന്റെ അഭിഭാഷകന്‍ ഉന്നയിച്ച പ്രധാന വാദം.