ഉന്നത വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി

Update: 2021-01-21 16:18 GMT

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കുള്ള നടപടിക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ അക്കാദമിക്, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച ചെയ്ത് വേഗത്തില്‍ നടപ്പാക്കും. സര്‍വകലാശാലകളെയും പ്രധാന സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും. ഇവിടങ്ങളിലെ പശ്ചാത്തല സൗകര്യം വലിയ തോതില്‍ വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയവും പഠനപ്രക്രിയ നടത്താന്‍ കഴിയും വിധം സര്‍വകലാശാല ക്യാമ്പസുകളിലെ സൗകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഹോസ്റ്റലുകളുടെ സ്ഥിതിയും മെച്ചപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തുടക്കത്തില്‍ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്നവരെയും പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും തുടര്‍ന്ന് വിദേശങ്ങളില്‍ നിന്നുള്ളവരെയും ഇവിടേക്ക് ആകര്‍ഷിക്കാനാവും. ഇതിനാവശ്യമായ രീതിയില്‍ വിദ്യാലയങ്ങളുടെ ചുറ്റുപാടും സൗകര്യങ്ങളും മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍വകലാശാല ചട്ടങ്ങളില്‍ ആവശ്യമായ പരിഷ്‌കാരം വരുത്തും. സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് കൂടുതലായി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ലഭിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വ്യവസായ വിദഗ്ധര്‍ ഉണ്ടാവുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതല്‍ ഫിനിഷിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യും. സമൂഹത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ വലിയ തോതില്‍ തൊഴില്‍ ആഗ്രഹിക്കുന്നുണ്ട്. പഠിച്ച വിഷയത്തിനനുസരിച്ചുള്ള തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണം. ഇതിനായി സര്‍വകലാശാലകള്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് അതിനനുസൃതമായ കോഴ്‌സുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനകീയാസൂത്രണം ആരംഭിച്ച ശേഷം കാല്‍നൂറ്റാണ്ടിനിടെ ജനങ്ങളുടെ ജീവിത രീതിയിലും പ്രകൃതിയിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിപുലമായ വിവരശേഖരണവും പഠനവും നടത്തേണ്ടതുണ്ട്. മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള ഡിജിറ്റല്‍ അന്തരം കുറയ്ക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍, വായനശാലകള്‍, പകല്‍വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശീലന സംവിധാനം ഒരുക്കാവുന്നതാണ്. സംസ്ഥാനത്തിന്റെ ഐ. ടി നയത്തില്‍ ആവശ്യമെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. കാലവാസ്ഥാവ്യതിയാന പഠനത്തില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ പ്രയോഗിക്കും. കാര്‍ഷികോത്പന്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ ഉതകുന്ന വിപണന രീതികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി. കെ. രാമചന്ദ്രന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്‌ക്കറ്റ് ഹോട്ടലില്‍ നേരിട്ടെത്തിയവര്‍ക്ക് പുറമെ ഓണ്‍ലൈനിലും വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. പ്രൊഫ. കെ. പി. കണ്ണന്‍, പ്രൊഫ. കെ. എന്‍. ഗണേഷ്, പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. മൈക്കിള്‍ തരകന്‍, ഡോ. എസ്. ഗീത, ഡോ. മിനി സുകുമാര്‍, ഡോ. കെ. ഗംഗാധരന്‍, പ്രൊഫ. വി. കെ. ദാമോദരന്‍, ഡോ. എ. അജയഘോഷ്, ഡോ. രാജശ്രീ എം. എസ്, പ്രൊഫ. എലിസബത്ത് ഷേര്‍ളി, ഡോ. ജോയ് ഇളമണ്‍, പ്രൊഫ. സാബു തോമസ്, പ്രൊഫ. കെ. പി. സുധീര്‍, ഡോ. സജി ഗോപിനാഥ്, പ്രൊഫ. വി. പി. മഹാദേവന്‍ പിള്ള, ഡോ. വി. കെ. ദദ്വാള്‍, ഡോ. കെ. ബാബു ജോസഫ്, പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, പ്രൊഫ. ഇരുദയരാജന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News