കാട്ടാനയെ തീപന്തമെറിഞ്ഞു പൊള്ളിച്ചു കൊന്ന പ്രതികളെ പിടികൂടി
തീപന്തത്തിന്റെ തുണി ഭാഗങ്ങള്‍ ആനയുടെ ഇടതു ചെവിയില്‍ കുടുങ്ങുകയായിരുന്നു. അലറിവിളിച്ച് ഓടുന്ന ആനയുടെ ദൃശ്യം റിസോര്‍ട്ടിന് അകത്തുള്ള ആരോ എടുത്തത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
കോയമ്പത്തൂര്‍: മസിനഗുഡിക്കടുത്തുള്ള ബൊക്കാപുരത്ത് കാട്ടാനയെ തീപന്തമെറിഞ്ഞ് പൊള്ളലേല്‍പ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ വനംവകുപ്പ് അറസ്റ്റു ചെയ്തു. മലയാളിയും മസിനഗുഡി ദര്‍ഗ റോഡിലെ താമസക്കാരുമായ എസ്. പ്രസാദ് (36) റിസോര്‍ട്ട് ഉടമകളിലൊരാളായ മാവനല്ല, ഗ്രൂപ്പ്ഹൗസ് റെയ്മണ്ട് ഡീന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഭക്ഷണം തേടി റിസോട്ടിനു മുന്നിലെത്തിയ ആനക്കു നേരെ തീപന്തമെറിഞ്ഞത് പ്രസാദ് ആണെന്ന് വനംവകുപ്പ് അറിയിച്ചു.
തീപന്തത്തിന്റെ തുണി ഭാഗങ്ങള്‍ ആനയുടെ ഇടതു ചെവിയില്‍ കുടുങ്ങുകയായിരുന്നു. അലറിവിളിച്ച് ഓടുന്ന ആനയുടെ ദൃശ്യം റിസോര്‍ട്ടിന് അകത്തുള്ള ആരോ എടുത്തത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് മുന്നോട്ടായാന്‍ പോലുമാവാതെ അവശനിലയില്‍ കണ്ടെത്തിയ കൊമ്പന് പഴങ്ങളില്‍ മരുന്നുകള്‍ വെച്ചു നല്‍കിയെങ്കിലും മുറിവ് ഉണങ്ങിയില്ല. പിന്നീട് മയക്കുവെടിയിലൂടെ പിടികൂടി കുങ്കി ആനകളുടെ സഹായത്തോടെ തൊട്ടടുത്ത മുതുമലയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആന ചെരിയുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ആനയുടെ ഉദരത്തില്‍ ഭക്ഷണാവശിഷ്ടം കുറവായിരുന്നു. ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറഞ്ഞാണ് കാണപ്പെട്ടത്. തീപന്തത്തിന്റെ ഭാഗം കാതില്‍ കുടുങ്ങിയതു കാരണമുണ്ടയ മുറിവ് പഴുത്തതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്രാമവാസികള്‍ക്ക് ശല്യം ഉണ്ടാക്കിയിരുന്നില്ലെങ്കിലും റിസോര്‍ട്ട് ഉടമകള്‍ ആനക്കു നേരെ ക്രൂരത കാണിക്കുകയായിരുന്നു. പിടിയിലായ പ്രതികള്‍ക്കു പുറമെ മറ്റൊരു പ്രതിയായ റിക്കി റായന്‍ (31) ഒളിവിലാണ്. കൂടുതല്‍ പേരെ ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണ് എന്ന് മുതുമല കടുവ സംരക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. അറസ്റ്റിലായ റെയ്മണ്ടിന്റെ വീടിന്റെ മുകള്‍നിലയിലെ മൂന്നു മുറികള്‍ ആണ് റിസോര്‍ട്ടിനായി ഉപയോഗിച്ചത്. അനധികൃതമായി നടത്തിയ റിസോര്‍ട്ട് ജില്ലാ കലക്ടര്‍ അടപ്പിച്ച് സീല്‍ ചെയ്തു.