ഫാസ്റ്റ് ട്രാക്ക് ബയോമെട്രികിലുടെ 9 സെക്കന്‍ഡിനകം എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം
കണ്ണും മുഖവും ക്യാമറയില്‍ കാണിച്ചു എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.
ദുബയ് : ദുബയ് എയര്‍പോര്‍ട്ടിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്പോര്‍ട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാര്‍ക്ക് 9 സെക്കന്‍ഡിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍. എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചല്‍,അറൈവല്‍ ഭാഗത്തുള്ള 122 സ്മാര്‍ട്ട് ഗേറ്റുകളില്‍ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബയ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബയില്‍ നടക്കുന്ന എയര്‍പോര്‍ട്ട് ഷോയിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണും മുഖവും ക്യാമറയില്‍ കാണിച്ചു എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എവിടെയും സ്പര്‍ശനം ഇല്ലാതെ നടപടികള്‍ പൂര്‍ത്തിയാകാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയുള്ള യാത്ര ദുബായിലൂടെയുള്ള സഞ്ചാരികളുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമായി. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3- ബിസിനസ് ക്ലാസ്സ് യാത്രക്കാരുടെ ഭാഗത്ത് ഫെബ്രുവരി 22നാണ് ഈ സംവിധാനം ഔദ്യോഗികമായി ആരംഭിച്ചത്.
പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍, ജിഡിആര്‍എഫ്എ ദുബായ് അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി .ജീവനക്കാരുടെ ആരോഗ്യവും യാത്രക്കാരുടെ സുരക്ഷയും സംരക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും ഇക്കാലയളവില്‍ നടത്തിയെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ചടങ്ങില്‍ വിശദീകരിച്ചു.