കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതിയോട് സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍
പഞ്ചാബ്: കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ സാവകാശം അനുവദിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ആവശ്യം. ദല്ലേവാളുമായുള്ള ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് മൂന്ന് ദിവസം കൂടി സമയം നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ദല്ലേവാളിന്റെ നില ഗുരുതരമായി തുടരുകയാണ്.
ദല്ലേവാളിന് വൈദ്യസഹായം നല്‍കാനുള്ള സുപ്രിം കോടതി ഉത്തരവ് പാലിക്കാത്ത പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാറിന്റെ വാദം. ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വാദം കേള്‍ക്കുന്നതിനിടെ, ഉത്തരവ് പാലിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടു. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്തേക്ക് ചര്‍ച്ച നടത്താന്‍ ബന്ധപ്പെട്ടവര്‍ പോയിട്ടുണ്ടെന്നും അത് പാലിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍വീന്ദര്‍ സിങ് കോടതിയെ അറിയിച്ചു
രാഷ്ട്രീയ, ഭരണപരമായ ഉദ്യോഗസ്ഥര്‍ ദല്ലേവാളുമായി സജീവമായി ഇടപഴകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പതിവായി അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുവാക്കളെ അണിനിരത്താനുള്ള ദല്ലേവാളിന്റെ ആഹ്വാനത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഖനൗരി അതിര്‍ത്തിയില്‍ 3,500 കര്‍ഷകര്‍ ഒത്തുകൂടിയത്.