ഇഫ്ത്താര്‍ വിരുന്നുകളിലും അനുബന്ധ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം ഉറപ്പ് വരുത്തും

Update: 2022-03-31 11:18 GMT

കണ്ണൂര്‍: പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ ലക്ഷ്യമിട്ട് ഇഫ്ത്താര്‍ വിരുന്നുകളിലും മറ്റ് അനുബന്ധ ചടങ്ങുകളിലും ജില്ലയില്‍ ഹരിത പെരുമാറ്റ ചട്ടം ഉറപ്പ് വരുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്താന്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ കാംപയിനിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ ഇനങ്ങളെല്ലാം ഇഫ്ത്താര്‍ വിരുന്നുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമം നടത്താനും യോഗത്തില്‍ ധാരണയായി.

ഹരിത പെരുമാറ്റ ചട്ടം പൂര്‍ണമായി പാലിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കും. ഒറ്റത്തവണ പ്ലാസ്റ്റിക്ക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുക, മാലിന്യങ്ങളും ചപ്പ് ചവറുകളും കടലാസുകളും കത്തിക്കുന്നത് ഒഴിവാക്കുക, മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപനങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കുക തുടങ്ങിയ ഹരിത പെരുമാറ്റ രീതികളും മഹല്ലുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സംഘടനാ നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങള്‍ ശുചീകരിക്കുന്ന ക്യാമ്പയിനുകള്‍ ഏറ്റെടുക്കാമെന്നും അവര്‍ യോഗത്തെ അറിയിച്ചു.

ഹരിത കേരള മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ വി കെ അബിജാത്, നിര്‍മ്മല്‍ ഭാരത് എം ഡി ഫഹദ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരളാ മുസ്‌ലിം ജമാ അത്ത്, കെഎന്‍എം, കെഎന്‍എം (മര്‍ക്കസുദ്ദവ), എസ്‌വൈഎസ്, ജമാ അത്തെ ഇസ്‌ലാമി, എസ്‌കെഎസ്എസ്എഫ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു.

Tags:    

Similar News