കൊവിഡ് 19: ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക നിര്‍ബന്ധമായും തയ്യാറാക്കമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുന്ന എല്ലാ രോഗികളുടെയും സമ്പര്‍ക്കപ്പെട്ടിക നിര്‍ബന്ധമായും തയ്യാറാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആരോഗ്യസേതു ആപ്പ് ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്. ജൂണ്‍ 1 ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ശേഷം ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
ഡല്‍ഹിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുംപുറമെ ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് മനസ്സിലാക്കാന്‍ ഒരു സിറോളജിക്കല്‍ സര്‍വ്വേ നടത്താനും ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.
ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി സംസ്ഥാനത്തെയും കേന്ദ്ര സര്‍ക്കാരിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഡോ. വി കെ പോള്‍ കമ്മിറ്റി ശുപാര്‍ശയ്ക്കനുസരിച്ചാണ് തീരുമാനം.
ഡല്‍ഹിയിലെ കൊവിഡ് സ്ഥിതിഗതികള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച ഡോ. വി കെ പോള്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശ പ്രകാരം നാളത്തോടെ ഒരു കൊവിഡ് പ്രതിരോധ തന്ത്രം രൂപപ്പെടുത്തേണ്ടതുണ്ട്. ചൊവ്വാഴ്ചയ്ക്കകം ജില്ലാ തല ടീം രൂപീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണ്‍ പുനര്‍നിര്‍ണയിക്കാനുള്ള പദ്ധതി ജൂണ്‍ 26 മുതല്‍ ആരംഭിക്കണം. അത് ജൂണ്‍ 30നുള്ളില്‍ അവസാനിപ്പിക്കുകയും വേണം. സിറോളജിക്കല്‍ സര്‍വേ ജൂലൈ 6നകം പൂര്‍ത്തിയാക്കണം.
കൊവിഡ് വ്യാപനം ഏറ്റവും ഗുരുതരമായ സ്ഥിതിയിലെത്തിയ ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 3,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 59,746 ആയി. ഇന്നത്തെ കണക്കു പുറത്തുവന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. തമിഴ്‌നാടിനെയാണ് ഡല്‍ഹി കവച്ചുവച്ചത്. രോഗികളുടെ എണ്ണത്തില്‍ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളുവെങ്കിലും മരിച്ചവരുടെ എണ്ണത്തില്‍ വലിയ അന്തരമുണ്ട്. തമിഴ്‌നാട്ടിലുള്ളതിനേക്കാള്‍ മൂന്ന് ഇരട്ടിയിലധികം പേര്‍ ഡല്‍ഹിയില്‍ മരിച്ചു. ഇന്ന് ഡല്‍ഹിയില്‍ 63 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.