കനത്ത മഴയില്‍ വീടു തകര്‍ന്നു വീണു
പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ചെറോടത്ത് കുഞ്ഞി പേങ്ങന്‍ മകന്‍ ചന്ദ്രന്റെ വീടാണ് ഇന്നലെ രാവിലെ ആറ് മണിയോടെ തകര്‍ന്നുവീണത്.
മാള: കനത്ത മഴയില്‍ വീടു തകര്‍ന്നു വീണു. പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ചെറോടത്ത് കുഞ്ഞി പേങ്ങന്‍ മകന്‍ ചന്ദ്രന്റെ വീടാണ് ഇന്നലെ രാവിലെ ആറ് മണിയോടെ തകര്‍ന്നുവീണത്. ചന്ദ്രന്റെ ഭാര്യ സുനിത രാവിലെ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ എന്തോ ഞെരിയുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ അത്യാഹിതം ഒഴിവായി.
കൂലിപ്പണിക്കാരനായ ചന്ദ്രന്‍ രാവിലെ പുറത്തേക്ക് പോയപ്പോഴാണ് അപകടം. വീട് തികച്ചും ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പണിത ഓല ഷെഡ്ഡിലാണ് കുടുംബത്തിന്റെ താമസം. ഭക്ഷണം പാചകം ചെയ്തിരുന്നത് തകര്‍ന്ന വീട്ടിലായിരുന്നു.
രണ്ട് മക്കള്‍ ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്നു. 30 വര്‍ഷം കാലപഴക്കമുള്ള വീടാണിപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നത്. കഴിഞ്ഞ ലൈഫ് പദ്ധതിയില്‍ ഇവര്‍ക്ക് വീട് ലഭിച്ചില്ല. കഴിഞ്ഞ ഗ്രാമസഭയില്‍ ഇവരുടെ പേര് പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും വീട് കിട്ടിയിട്ടില്ല. എല്ലാ രേഖകളും കഴിഞ്ഞ ആഴ്ച പുത്തന്‍ചിറ വിഇഒവിന് സമര്‍പ്പിച്ചിട്ടുണ്ട്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തും, വെള്ളാങ്കല്ലര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസും ഇടപെട്ട് ഇവര്‍ക്ക് വീട് എത്രയും പെട്ടന്ന് ലഭ്യമാക്കുന്നതിന് വേണ്ട നടപടി കൈകൊള്ളണമെന്ന് കെപിഎംഎസ് ശാഖ സെക്രട്ടറി പി സി ബാബു ആവശ്യപെട്ടു.