ലക്ഷദ്വീപില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

മറ്റിടങ്ങളിലെല്ലാം കൊവിഡ് വര്‍ധിച്ച അവസരത്തില്‍ ലക്ഷദ്വീപില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Update: 2021-05-31 13:14 GMT

കവരത്തി: ലക്ഷദ്വീപില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലൂം കൊവിഡ് കുറയുമ്പോള്‍ ലക്ഷദ്വീപില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

മറ്റിടങ്ങളിലെല്ലാം കൊവിഡ് വര്‍ധിച്ച അവസരത്തില്‍ ലക്ഷദ്വീപില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ നിലവില്‍ ഏഴായിരത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിട്രേറ്ററായി ചുമതലയേറ്റതിനു ശേഷമുള്ള ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആരോപണം.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെ വിവിധ നടപടികളിലൂടെ ദ്വീപിന് പുറത്ത് നിന്നുള്ളവരെ ക്വാറന്റീന്‍ കൂടാതെ ദ്വീപില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതാണ് ദ്വീപില്‍ കൊവിഡ് പടരാന്‍ കാരണമായത്.

Tags:    

Similar News