ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ മഹാകാളീശ്വര ക്ഷേത്ര ഇടനാഴി പദ്ധതിക്കായി മുസ്‌ലിം പള്ളി പൊളിച്ചു. ഉജ്ജയ്‌നിലെ നിസാമുദ്ദീന്‍ കോളനിയിലാണ് സംഭവം. തകിയ എന്ന പേരിലുള്ള പള്ളിയാണ് പൊളിച്ചിരിക്കുന്നത്. ഇതിനൊപ്പം 250 കെട്ടിടങ്ങളും പൊളിച്ചുനീക്കി. പ്രദേശവാസികളുടെ എതിര്‍പ്പിനെ നേരിടാന്‍ വന്‍ പോലിസ് സംഘത്തെയും പ്രദേശത്ത് വിന്യസിച്ചിരുന്നു. തുടര്‍ന്നാണ് ബുള്‍ഡോസറുകളും മറ്റും ഉപയോഗിച്ച് പള്ളിയും കെട്ടിടങ്ങളും പൊളിച്ചുനീക്കിയത്. 2028ല്‍ നടക്കാനിരിക്കുന്ന ഉജ്ജയ്ന്‍ കുംഭമേള പരിപാടിക്കു വേണ്ടിയാണ് ഇത് ചെയ്തിരിക്കുന്നത്. മസ്ജിദും കെട്ടിടങ്ങളും പൊളിച്ച പ്രദേശത്ത് ക്ഷേത്രത്തിന്റെ പാര്‍ക്കിങ് യാര്‍ഡും ഹിന്ദുമതപ്രചരണ ഹാളും നിര്‍മിക്കും.
മഹാകാളീശ്വര ക്ഷേത്രവികസന പദ്ധതിയുടെ ഭാഗമായാണ് മസ്ജിദ് അടക്കമുള്ള സ്ഥലങ്ങള്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്. പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഭൂമി ഏറ്റെടുക്കലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു മതകെട്ടിടം അടക്കം 257 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെന്നും ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ജില്ലാ കലക്ടര്‍ നീരജ് സിങ് പറഞ്ഞു. അഡീഷണല്‍ ജില്ലാ കലക്ടര്‍ അനുകൂല്‍ ജയിനും അഡീഷണല്‍ എസ്പി നിതേഷ് ഭാര്‍ഗവയുമാണ് പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ക്ഷേത്രഇടനാഴിക്ക് കണ്ടെത്തിയ സ്ഥലത്തെ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാവാതിരിക്കാന്‍ പോലിസ് സന്നാഹം ഒരുക്കിയതായും എഎസ്പി പറഞ്ഞു. ഡിസംബര്‍ മാസം പകുതിയില്‍ ചാമുണ്ഡ മാതാക്ഷേത്രത്തിന് സമീപത്തെ മുസ് ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. മേയ് മാസത്തില്‍ തിരാഹ പ്രദേശത്തെ 18 പള്ളികളും മറ്റു ആരാധനാ സ്ഥലങ്ങളും അധികൃതര്‍ പൊളിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചായിരുന്നു പള്ളികള്‍ അടക്കം പൊളിച്ചത്. ഇതിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.