ഔറംഗസേബിനെയും ശിവജിയെയും സ്പര്‍ശിച്ച് യുപിയില്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയനീക്കം

Update: 2021-12-13 10:25 GMT
ഔറംഗസേബിനെയും ശിവജിയെയും സ്പര്‍ശിച്ച്  യുപിയില്‍  പ്രധാനമന്ത്രിയുടെ രാഷ്ട്രീയനീക്കം

വാരാണസി: വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഔറംഗസേബിനെയും ശിവജിയെയും സ്പര്‍ശിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയനീക്കം. യുപിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ഒന്നാം ഘട്ടനിര്‍മാണം തിരക്കിട്ട് ഉദ്ഘാടനം ചെയ്ത് നടന്ന സമ്മേളനത്തെയാണ് പ്രധാനമന്ത്രി ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കിയത്. 'സ്വേച്ഛാധിപതികള്‍ വാരാണസിയെ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഔറംഗസേബ് വന്നാല്‍ ശിവജിയും ഒപ്പം ഉണര്‍ത്തെഴുന്നേല്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ആയിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിട്ടുളളത്. അതിന്റെ ഒന്നാം ഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

കാശി വിശ്വനാഥ ക്ഷേത്രം രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പുരാതന ചരിത്രത്തിന്റെയും തെളിവാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. കാശി വിശ്വനാഥ ധാം പദ്ധതി ഇന്ത്യയുടെ വികാസത്തിലെ ഒരു നിര്‍ണായക ദിശയാണെന്നും ഭാവിയുടെ ശോഭനമായ ഭാവിയുടെ സൂചകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാശി ഇന്ത്യതന്നെയാണ്- മോദി പറഞ്ഞു.

കൊവിഡ് മാഹാമാരിയുടെ സമയത്തും ജോലി പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് മേല്‍ മോദി പുഷ്പവൃഷ്ടി നടത്തി.

രണ്ട് ദിവസത്തെ ലോക്‌സഭാ മണ്ഡല സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭയില്‍ വാരാണസി മണ്ഡലത്തെയാണ് പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്നത്.

'സ്വേച്ഛാധിപതികള്‍ വാരണാസിയെ നശിപ്പിക്കാന്‍ ശ്രമിച്ചു. സുല്‍ത്താനേറ്റുകള്‍ ഉയരുകയും വീഴുകയും ചെയ്തു. നാട്ടില്‍ ഔറംഗസേബ് വന്നാല്‍ ശിവജിയും ഒപ്പം ഉണര്‍ത്തെഴുന്നേല്‍ക്കും-പ്രധാനമന്ത്രി പറഞ്ഞു.

കാശിയെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനുളള പദ്ധതിയുടെ ഭാഗമായിരുന്നു ഇന്നത്തെ കോറിഡോര്‍ ഉദ്ഘാടനം.

ഉത്തര്‍പ്രദേശിലെ ഗംഗാനദിയിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇടനാഴിയുടെ തറക്കല്ലിട്ടത്. ആയിരം കോടി മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വാരാണസിയിലെ എംപി കൂടിയാണ് മോദി.

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രിക്കു പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയും ചടങ്ങിനെത്തിയിരുന്നു .

ടൂറിസ്റ്റ് സെന്റര്‍, വേദപഠനകേന്ദ്രം, സിറ്റി മൂസിയം, ഭോഗ്ശാല, ഫുഡ്‌കോര്‍ട്ട് എന്നിവയ്ക്കുള്ള 23 കെട്ടിടങ്ങളും പദ്ധതി വഴി നിര്‍മിക്കും.

Tags:    

Similar News