അര്‍ണബ് ഗോസ്വാമിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് ദേശീയ സുരക്ഷ അപകടത്തിലല്ലെന്ന് ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ

Update: 2021-01-18 14:12 GMT

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് ദേശീയ സുരക്ഷ അപകടത്തിലല്ലെന്ന് ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. മോദിവല്‍സലനായ റിപബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ അടുത്തിടെ പുറത്തുവന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സര്‍ക്കാരിലെ ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ച് സംവിധാനത്തിന് പുറത്തുള്ളവര്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങള്‍ അറിയുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍ ബധിരരും മൂകരുമായി നടിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യപരവും മതേതരവുമായ വ്യവസ്ഥയെ തകര്‍ക്കുന്നതിനായി തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന നീക്കങ്ങള്‍ മറച്ചുവെക്കാനുള്ള ഒരു മുഖംമൂടി മാത്രമാണ് സംഘപരിവാരത്തിന്റെ രാജ്യസ്‌നേഹ നിലവിളി. ബാലഗോട്ട് സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടക്കുന്നതിന് മൂന്നു ദിവസം മുമ്പ് അര്‍ണബ് ഗോസ്വാമി ഇതുസംബന്ധിച്ച് അറിഞ്ഞിരുന്നു എന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ ചീഫ് പാര്‍തോ ദാസ് ഗുപ്തയും ഗോസ്വാമിയും തമ്മിലുള്ള ചാറ്റുകള്‍ വെളിപ്പെടുത്തുന്നത്. സൈന്ിക ഇടപെടല്‍ സംബന്ധിച്ച അര്‍ണബിന്റെ അറിവ് തെളിയിക്കുന്നത് പ്രധാനമന്ത്രിയുമായും സര്‍ക്കാരിലെ മറ്റ് ഉന്നതരുമായുമുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള അവകാശവാദം കേവലം വീമ്പിളക്കലല്ലെന്നാണ്. രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗുരുതരമാണ്.

ടി.ആര്‍.പി റേറ്റിങ് പോയിന്റുകള്‍ നേടുന്നതിനായി രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനും സ്വകാര്യ വ്യക്തികളുടെ വയര്‍ നിറയ്ക്കാനുമുള്ള വിപണന ചരക്കായി ഉപയോഗിക്കാനും കഴിയില്ല. അര്‍ണബിനും സര്‍ക്കാരില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിച്ചവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എം കെ ഫൈസി ആവശ്യപ്പെട്ടു.

Tags:    

Similar News